ഭൂതകാലം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഒരു ബെഞ്ച്മാർക്ക് തന്നെ സൃഷ്ടിച്ച സംവിധായകനാണ് രാഹുൽ സദാശിവൻ. മലയാളികൾക്ക് ഹൊറർ ഴോണറിൽ ഒരു പുത്തൻ കാഴ്ചാനുഭവം തന്നെയാണ് രാഹുൽ സമ്മാനിച്ചിരിക്കുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ഡീയസ് ഈറെ ആണ് രാഹുലിന്റേതായി നിലവിൽ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം.
ഇപ്പോഴിതാ സംവിധായകന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. മഞ്ജു വാര്യർ ആയിരിക്കും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക എന്നാണ് വിവരം. ഡീയസ് ഈറെയുടെ പ്രീമിയർ ഷോയ്ക്ക് മഞ്ജുവും എത്തിയിരുന്നു. മഞ്ജുവിനെ രാഹുൽ ഏത് തരം കഥാപാത്രം ആയിരിക്കും ചെയ്യിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണിപ്പോൾ സിനിമാ പ്രേക്ഷകർ.
മഞ്ജു വാര്യരുടെ കഥാപാത്രത്തെക്കുറിച്ചോ സിനിമയുടെ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം ഒക്ടോബർ 31 ന് റിലീസിനെത്തിയ ഡീയസ് ഈറെയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പ്രണവിന്റെ അഭിനയത്തിനും വാനോളം പ്രശംസയാണ് ലഭിക്കുന്നത്. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിലേതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.
സിനിമയ്ക്ക് 100 കോടി ഉറപ്പിക്കാമെന്നും പ്രേക്ഷകർ പറയുന്നു. തിരക്കഥയ്ക്കും സംവിധാനത്തിനും പ്രകടനങ്ങൾക്കും മാത്രമല്ല, ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണം നേടാൻ കഴിയുന്നുണ്ട്. സൗണ്ട് ഡിസൈനും കാമറയും എഡിറ്റിങ്ങുമടക്കം എല്ലാ സാങ്കേതിക മേഖകളും കയ്യടി വാരിക്കൂട്ടുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. പ്രണവിനെ കൂടാതെ ജിബിൻ ഗോപിനാഥ്, അരുൺ അജികുമാർ, ജയ കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.




