96, മെയ്യഴകൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സംവിധായകനാണ് പ്രേംകുമാർ. മികച്ച പ്രതികരണം നേടിയ ഇരുസിനിമകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിൽ 96 എന്ന ചിത്രം എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. വിജയ് സേതുപതിയും തൃഷയുമായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിനൊരു രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന് പ്രേംകുമാർ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പുറത്തുവരുകയാണ്.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയായി എന്നാണ് പ്രേംകുമാർ അറിയിച്ചിരിക്കുന്നത്. ’96 ന്റെ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് എഴുതി കഴിഞ്ഞു. ഇപ്പോൾ മറ്റൊരു സ്ക്രിപ്റ്റ് ആണ് എഴുതുന്നത്. അത് ത്രില്ലർ ഴോണറിലുള്ള സിനിമയാണ്’, പ്രേംകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞു. 2018 ൽ റിലീസ് ചെയ്‌ത 96 ആഗോളതലത്തിൽ 50 കോടിയിലധികം രൂപ നേടിയിരുന്നു. പ്രേംകുമാർ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയത്. ഈ ചിത്രം പിന്നീട് 99 എന്ന പേരിൽ കന്നഡയിലേക്കും ജാനു എന്ന പേരിൽ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു.
ചിത്രത്തിനായി ഗോവിന്ദ് വസന്ത ഈണം നൽകിയ ഗാനങ്ങൾ എല്ലാം വലിയ ജനശ്രദ്ധ നേടിയിരുന്നു. ദേവദർശിനി, ജനഗരാജ്, ഭഗവതി പെരുമാൾ, വർഷ ബൊല്ലാമാ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 96 ന് ശേഷമെത്തിയ പ്രേംകുമാർ ചിത്രം മെയ്യഴകനും വലിയ സ്വീകാര്യത നേടിയിരുന്നു. കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘മെയ്യഴകൻ’. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.