ശേഖർ കമ്മൂലയുടെ സംവിധാനത്തിൽ ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ‘കുബേര’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
ലിറിക്കൽ ഗാനരംഗത്തിൽ ധനുഷിന്റെ നൃത്തവും, ഗാനത്തിന്റെ ചിത്രീകരണ ദൃശ്യങ്ങളുമാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന്റെ തമിഴ് പതിപ്പായ പോയ് വാ നൻബാ എന്ന ഗാനത്തിന്റെ വരികളെക്കുറിച്ച് ആരാധകർ കമന്റ് ചെയ്യുന്നത് “ദളപതി വിജയ് സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനുള്ള ഫെയർവെൽ സോങ് ആണിതെന്നാണ്.
തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച ചിത്രം സോഷ്യോ ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. പുറത്തുവിട്ട ഗാനത്തിന്റെ തമിഴ് പതിപ്പായ ‘പോയ് വാ നൻബാ’ ആലപിച്ചിരിക്കുന്നത് ധനുഷ് തന്നെയാണ്. ഗാനത്തിന്റെ മലയാളം പതിപ്പും ഒപ്പം റിലീസായിട്ടുണ്ട്. നികേത് ബൊമ്മി റെഡ്ഡി ഛായാഗ്രഹണം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസാണ്.
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി ആൻഡ് അമിഗോസ് ക്രീയേഷൻസിന്റെ ബാനറിൽ ശേഖർ കമ്മൂലക്കൊപ്പം, സുനെൽ നാരംഗ്, പുസ്‌കൂർ റാം മോഹൻ റാവു എന്നിവർ ചേർന്ന് 100 കോടി രൂപ മുതൽമുടക്കിലാണ് കുബേര നിർമ്മിച്ചിരിക്കുന്നത്. ചിത്രം ജൂൺ 20 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.