Tamil Cinema

ടിക്കറ്റ് വിൽപനയിൽ അജിത് പടത്തെ വീഴ്ത്തി ‘കുബേര’

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിലെ കഥാപാത്രമാകാൻ ധനുഷ് എടുത്ത ധൈര്യത്തേയും സിനിമാപ്രേമികൾ പുകഴ്ത്തുന്നുണ്ട്. ബോക്സ് ഓഫീസിലും മികച്ച വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിവസത്തിൽ ടിക്കറ്റ് വിൽപനയിൽ സിനിമ റെക്കോർഡ് നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

ആദ്യ ദിനം കുബേര 328.4K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ഇത് തമിഴിലെ ഈ വർഷത്തെ രണ്ടാമത്തെ ഉയർന്ന ടിക്കറ്റ് വിൽപ്പനയാണ്. അജിത് സിനിമയായ ഗുഡ് ബാഡ് അഗ്ലിയാണ് ഒന്നാം സ്ഥാനത്ത്. 356.1K ടിക്കറ്റാണ് ഗുഡ് ബാഡ് അഗ്ലി വിറ്റത്. അജിത്തിന്റെ തന്നെ സിനിമയായ വിടാമുയർച്ചി ആണ് മൂന്നാം സ്ഥാനത്ത്. 249.7K ടിക്കറ്റാണ് അജിത് സിനിമ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. അതേസമയം, പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് കുബേര ആദ്യ ദിനം 13 കോടി രൂപയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള നെറ്റ് കളക്ഷനാണ് ഇത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കൊണ്ട് തന്നെ വാരാന്ത്യത്തില്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച സംഖ്യ നേടുമെന്ന് ഉറപ്പാണ്.

ധനുഷിന് പുറമേ നായികയായി എത്തിയ രശ്മിക മന്ദാനയുടെയും പ്രധാന കഥാപാത്രം അവതരിപ്പിച്ച നാഗാർജുനയുടെയും പ്രകടനങ്ങളും പ്രശംസ നേടുന്നുണ്ട്. ശേഖർ കമ്മൂലയുടെ അടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button