ഹൃദയത്തിന്‍റെ ഭാഷയിൽ എല്ലാവർക്കും നന്ദി പറയുന്നതായി ശ്വേത മേനോൻ. ഒരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ശ്വേത പറഞ്ഞു. എ എം എം എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വേദിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഒരു വർഷത്തിൽ രണ്ട് ജനറൽ ബോഡി മീറ്റിംഗുകൾ നടത്തുന്നത് വലിയ ചിലവുള്ള കാര്യമാണ്, എന്നിട്ടും 298 അംഗങ്ങൾ വോട്ട് ചെയ്യാൻ വന്നു.
മാധ്യമങ്ങൾ രാവിലെ മുതൽ കാത്തിരുന്നു. അവർക്കും നന്ദി അറിയിക്കുന്നതായി ശ്വേത മേനോൻ കൂട്ടിച്ചേർത്തു. ‘AMMA’ ഒരു സ്ത്രീയാകണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നെന്നും, ഇപ്പോൾ അത് യാഥാർത്ഥ്യമായെന്നും ശ്വേത പറഞ്ഞു. ഭാവി യാത്രയിൽ തന്നെ തന്നെയും തന്‍റെ ടീമിനെയും പിന്തുണയ്ക്കണമെന്നും ശ്വേത അഭ്യർഥിച്ചു.
സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് തലപ്പത്തേക്ക് സ്ത്രീകൾ എത്തുന്നത്. കുക്കു പരമേശ്വരനാണ് എ എം എം എ ജനറൽ സെക്രട്ടറി. ലക്ഷ്മിപ്രിയ, ജയന്‍ ചേര്‍ത്തല എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ട്രഷറര്‍ ആയി ഉണ്ണി ശിവപാല്‍ ജയിച്ചു. ജോയിന്‍റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എ എം എം എയില്‍ രാവിലെ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്കാണ് പൂര്‍ത്തിയായത്. കൊച്ചി മാരിയറ്റ് ഹോട്ടലിലായിരുന്നു തെരഞ്ഞെടുപ്പ്.