സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് അല്ലു അർജുൻ. ഇരുമ്പ് കൈ മായാവി എന്ന പേരിൽ 70, 80 കാലഘട്ടത്തിൽ തമിഴിൽ ആരാധകരെ സംബന്ധിച്ച ‘സ്റ്റീൽ ക്ലോ’ എന്ന ബ്രിട്ടീഷ് കോമിക്ക് ബുക്കിനെ അടിസ്ഥാനമാക്കി ലോകേഷ് കനഗരാജ് ഏറെ കാലം മുൻപ് എഴുതിയ തന്റെ സ്വപ്ന ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുമെന്ന് പല വട്ടം അഭിമുഖങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.
ഇരുമ്പിന്റെ ഒരു കയ്യുറ നിർമ്മിച്ച് കയ്യിൽ ധരിക്കുന്ന ഒരു യുവ ശാസ്തജ്ഞന് മേൽ വൈദ്യുതാഘാതം ഏൽക്കുകയും, അതിലൂടെ അപ്രത്യക്ഷനാകാനുള്ള ശക്തി ലഭിക്കുകയും പിന്നീട അയാൾ അനീതിക്കെതിരെ ആ ശക്തി ഉപയോഗിച്ച് പോരാടുകയും ചെയ്യുന്നതാണ് ‘സ്റ്റീൽ ക്ലോ’ അഥവാ ‘ഇരുമ്പ് കൈ മായാവി’ എന്ന കോമിക്ക് ബുക്കിന്റെ പ്രമേയം. പിന്നീട് ആമിർ ഖാനെ നായകനാക്കി സംവിധാനം ചെയ്യുമെന്ന് ചർച്ചകൾ നടന്നുവെങ്കിലും ലോകേഷ് കനഗരാജ് അത് നിഷേധിച്ചിരുന്നു. സൂര്യയെ വെച്ച് ലോകേഷ് സംവിധാനം ചെയ്യാനിരിക്കുന്ന റോളക്‌സ് എന്ന LCU ചിത്രത്തിനും മുൻപേ ഇരുമ്പ് കൈ മായാവി എത്തുമെന്ന് പ്രതീക്ഷിച്ച സൂര്യ ആരാധകർക്ക് നിരാശ സമ്മാനിച്ച് കൊണ്ടാണ് സംവിധായകൻ അല്ലു അർജുനുമായി ഒന്നിക്കുവെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.
അടുത്തിടെ ലോകേഷ് കനഗരാജ് തന്റെ അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സിനൊപ്പം പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയതായി അറിയിച്ച് ഒരു ചിത്രം പുറത്തു വിട്ടിരുന്നു. അത് ആദ്യം കൈതിയുടെ രണ്ടാം ഭാഗമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലോകേഷ് കനഗരാജ് വർഷങ്ങൾക്ക് മുൻപേ എഴുതിയെന്നും, പിന്നീട് പല ഘട്ടങ്ങളിലായി പല രീതിയിൽ മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം തന്നെ അവകാശപ്പെടുന്ന ഇരുമ്പ് കൈ മായാവി തന്നെയാണ് ലോകേഷ് ചെയ്യാനൊരുങ്ങുന്നത്.




