മലയാള സിനിമാപേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗവും ഹിന്ദി, തെലുങ്ക് റീമേക്കുകളും ഒരേ സമയം റിലീസ് ചെയ്യാനാണ് ചർച്ചകൾ നടക്കുന്നതെന്ന് സംവിധായകൻ. അടുത്തിടെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ആദ്യ ചിത്രീകരണമാരംഭിക്കുമെന്നും ചിത്രത്തിന്റെ കഥ മറ്റൊന്നായിരിക്കുമെന്നുമെല്ലാം പ്രചരിക്കുന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു.
” മൂന്ന് ചിത്രങ്ങളും ഒരേ സമയം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. എന്നാൽ ഒരേ സമയം ചിത്രീകരിക്കാനാകുമോ എന്നറിയില്ല. അഭിനേതാക്കളുടെ ഡേറ്റ് ഇഷ്യു ആണ് പ്രശ്നം. ഹിന്ദി പതിപ്പിന് മറ്റൊരു കഥയാണെന്നെല്ലാം ചിലർ പറഞ്ഞിരുന്നു, അത് തെറ്റാണ്. ചിത്രത്തിന്റെ തിരക്കഥ ഏകദേശം പൂർത്തിയായികഴിഞ്ഞ് ഞാനത് ഹിന്ദി, തെലുങ്ക് പതിപ്പുകൾക്കായി നൽകും” ജീത്തു ജോസഫ് പറഞ്ഞു.
ഈയടുത്ത് ആശിർവാദ് സിനിമാസ് റിലീസ് ചെയ്ത അനൗൺസ്‌മെന്റ് വിഡിയോയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബർ മാസത്തിൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഒടിടി കാലഘട്ടത്തിൽ സിനിമകൾക്ക് സംഭവിക്കുന്ന വാണിജ്യ തകർച്ച കണക്കിലെടുത്താണ് ഒരേ സമയമുള്ള റിലീസ് പ്ലാനിങ് എന്നാണ് റിപ്പോർട്ടുകൾ. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി, ദൃശ്യം 2 നും മുൻപേ ചിത്രീകരണമാരംഭിച്ച് ഇടയിൽ തടസ്സപ്പെട്ട് പോയ ‘റാം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ദൃശ്യം 3 യുടെ ജോലികൾ പൂർത്തിയായ ശേഷം മാത്രമാവും പുനരാരംഭിക്കുക. പ്രധാനമായും വിദേശ രാജ്യങ്ങളിൽ വെച്ച് ചിത്രീകരിക്കുന്ന റാം ഒരു ആക്ഷൻ ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കുന്നത്.