അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് ‘കേസരി ചാപ്റ്റർ 2’. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ബുധനാഴ്ച ഡല്‍ഹിയില്‍ നടന്നിരുന്നു. പ്രദര്‍ശനത്തിനിടെ ആരാധകരോടും പ്രേക്ഷകരോടും അക്ഷയ് കുമാര്‍ നടത്തിയ പ്രത്യേക അഭ്യര്‍ഥനയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചിത്രം കാണുന്നതിനിടെ ഫോൺ ഉപയോഗിക്കരുത് എന്നായിരുന്നു അക്ഷയ് കുമാറിന്റെ അഭ്യർത്ഥന. ‘നിങ്ങളുടെ ഫോണ്‍ പോക്കറ്റിൽ തന്നെ വെക്കണമെന്ന് ഞാന്‍ വിനീതമായി അഭ്യർത്ഥിക്കുകയാണ്. ചിത്രത്തിലെ ഓരോ ഡയലോഗും ശ്രദ്ധിക്കണം. സിനിമ കാണുന്നതിനിടെ നിങ്ങള്‍ ഇന്‍സ്റ്റഗ്രാം നോക്കിയാല്‍, അത് ചിത്രത്തെ അപമാനിക്കുന്നത് പോലെയാവും. അതുകൊണ്ട് നിങ്ങളുടെ ഫോണ്‍ മാറ്റിവെച്ച് സിനിമ കാണണമെന്ന് അഭ്യർത്ഥിക്കുകയാണ്’, അക്ഷയ് കുമാർ പറഞ്ഞു.
നേരത്തെ കേസരി 2 കണ്ടുകഴിഞ്ഞാല്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പുപറയുമെന്നും അക്ഷയ് കുമാർ പറഞ്ഞിരുന്നു. ‘ബ്രിട്ടീഷ് സര്‍ക്കാരും ചാള്‍സ് രാജാവും കേസരി 2 കാണണം. ഈ ചിത്രം കണ്ട ശേഷം അവര്‍ തെറ്റ് തിരിച്ചറിയണം. മറ്റ് കാര്യങ്ങള്‍ അവരുടെ വായില്‍ നിന്ന് സ്വാഭാവികമായി വരും. ക്ഷമാപണം തീര്‍ച്ചയായും സംഭവിക്കും, അത് സ്വാഭാവികമായി നടക്കും. എന്താണ് സംഭവിച്ചതെന്ന് അവര്‍ മനസിലാക്കണം,’ എന്നായിരുന്നു നടൻ പറഞ്ഞത്.