ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളാണ് നടൻ അക്ഷയ് കുമാർ. പതിറ്റാണ്ടുകൾ നീണ്ട സിനിമ ജീവിതത്തിനിടെ അദ്ദേഹത്തിനൊപ്പം നിരവധി നായികമാർ അഭിനയിച്ചിട്ടുണ്ട്. ഇപ്പേഴിതാ, പ്രിയപ്പെട്ട നായിക ആരാണെന്ന് എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം. ചോദ്യത്തിന് ഉത്തരം നൽകാൻ അക്ഷയ് അധികം സമയമെടുത്തില്ല. ‘പ്രിയപ്പെട്ട നായിക… യഥാർഥത്തിൽ ഞാൻ ഇൻഡസ്ട്രിയിലെ എല്ലാവരുമായും പ്രവർത്തിച്ചിട്ടുണ്ട്. എങ്കിലും അത് കത്രീന കൈഫ് ആണ്’ -എന്നായിരുന്നു നടന്റെ മറുപടി.
അക്ഷയും കത്രീനയും എട്ട് ബോളിവുഡ് ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഹംകോ ദീവാന കർ ഗയേ (2006), നമസ്തേ ലണ്ടൻ (2007), വെൽക്കം (2007), സിങ് ഈസ് കിങ് (2008), ബ്ലൂ (2009), ദേ ദാന ദാൻ (2009), തീസ് മാർ ഖാൻ (2010), സൂര്യവംശി (2021) എന്നിവയാണ് അവ. ദി കപിൽ ശർമ ഷോയിൽ സൂര്യവംശിയെ പ്രൊമോട്ട് ചെയ്യുന്നതിനിടെ അക്ഷയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് കത്രീന തുറന്നുപറഞ്ഞിരുന്നു. ‘ആദ്യ കാലത്ത് ഒരു സഹനടൻ എന്ന നിലയിൽ അദ്ദേഹം എനിക്ക് വലിയ പിന്തുണ നൽകിയിരുന്നതിനാൽ അക്ഷയിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഫീഡ്ബാക്ക് എന്റെ അഭിനയം മെച്ചപ്പെടുത്താൻ സഹായിച്ചു. എന്നെ വിശ്വസിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം എന്ന് എനിക്ക് തീർച്ചയായും പറയാൻ കഴിയും’ -അവർ പറഞ്ഞു.
അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ റിലീസ് ആയ ജോളി എൽ.എൽ.ബി 3 തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. കോർട്ട് റൂം ഡ്രാമയിൽ അർഷാദ് വാർസി, സൗരഭ് ശുക്ല, അമൃത റാവു, ഹുമ ഖുറേഷി, സീമ ബിശ്വാസ്, ഗജ്രാജ് റാവു എന്നിവരും അഭിനയിക്കുന്നു. സുഭാഷ് കപൂർ സംവിധാനം ചെയ്ത ജോളി എൽ.എൽ.ബി 3 ലീഗൽ കോമഡി ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമാണ്. മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം 40 കോടി കടന്നു.