അക്ഷയ് കുമാർ നായകനായി എത്തിയ ചിത്രം ആണ് ‘കേസരി ചാപ്റ്റർ 2’. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തിയേറ്ററിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച സിനിമയിപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് സ്ട്രീമിങ്ങിന് ശേഷം സിനിമയ്ക്ക് ലഭിക്കുന്നത്.ഗംഭീര പ്രകടനമാണ് അക്ഷയ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും നടന്റെ കഴിഞ്ഞ കാലയളവിൽ ഇറങ്ങിയതിൽ ഏറ്റവും നല്ല സിനിമയാണ് ഇതെന്നുമാണ് കമന്റുകൾ.
ചിത്രത്തിൽ അക്ഷയ്‌ക്കൊപ്പം അനന്യ പാണ്ഡേയും മികച്ച അഭിനയം കാഴ്ചവെച്ചെന്നും ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ചിത്രം തിയേറ്ററിൽ വലിയ വിജയം അർഹിച്ചിരുന്നെന്നും അക്ഷയ് കുമാറിന് നാഷണൽ അവാർഡ് ലഭിക്കുമെന്നും സിനിമയെക്കുറിച്ച് പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്. ചിത്രം ഒടിടിയിൽ ഇതിനോടകം റെക്കോർഡ് തിരുത്തിക്കുറിക്കുന്നുണ്ട്. ജൂൺ 9 നും 15 നുമിടയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സ്ട്രീമിങ് സിനിമയായി കേസരി 2 മാറി. 5.7 മില്യൺ പ്രേക്ഷകരാണ് ഈ കാലയളവിൽ സിനിമ കണ്ടത്.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ സിംഗ് ത്യാഗിയാണ്. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.