അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്‌സാണ് സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മെയ് എട്ട് മുതൽ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററിൽ എത്തി കൃത്യം 28 ദിവസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഏപ്രിൽ 10 നാണ് ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയത്. ചിത്രം ഇതിനകം ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. തമിഴ്‌നാട് ബോക്സ് ഓഫീസിൽ മാത്രം സിനിമ 100 കോടിക്ക് മുകളിൽ കളക്ട് ചെയ്തിട്ടുണ്ട്. വമ്പൻ വിഷു റിലീസുകൾക്കിടയിലും കേരളത്തിൽ നിന്ന് അജിത് ചിത്രത്തിന് നല്ല കളക്ഷൻ നേടാൻ സാധിച്ചിട്ടുണ്ട്.
ഒരു പക്കാ ഫാൻബോയ് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായാണ് ആദിക് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.