അടുത്തിടെയാണ് ഹൈദരബാദ് രാമോജി ഫിലിം സിറ്റിയിൽ പ്രേതബാധയുള്ളതായി അനുഭവപ്പെട്ടിരുന്നെന്ന് നടി കജോൾ പറഞ്ഞിരുന്നത്. ഇത് വലിയ രീതിയിൽ വാർത്തയായിരുന്നു. ‘മാ’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടയിലാണ് കാജോൾ ഇക്കാര്യം പറയുന്നത്. ഹൊറര്‍ ഴോണറിലുള്ള സിനിമയാണിത്. ഇപ്പോഴിതാ നടി സോനാക്ഷി സിൻഹയും തന്റെ വീട്ടിൽ പ്രേതബാധ അനുഭവപ്പെട്ടിരുന്നതായി പറയുകയാണ്. തന്റെ പുതിയ പാരാനോയ്ഡ് ചിത്രമായ ‘നികിത റോയ്’യുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് സോനാക്ഷി ബാന്ദ്രയിലെ വീട്ടിൽ ഒരു ‘നിരുപദ്രവകാരിയായ പ്രേതത്തിന്‍റെ സാന്നിധ്യം അനുഭവിച്ചതായി വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയിൽ ഈ വാർത്ത ട്രെൻഡിങ് ആകുകയാണ്.
‘ഒരു ദിവസം പുലർച്ചെ നാല് മണിയോടെ എന്റെ കിടപ്പുമുറിയിൽ ഒരു വിചിത്രമായ സാന്നിധ്യം അനുഭവപ്പെട്ടു. എന്തോ ഒരു പ്രഷര്‍, ആരോ എന്നെ ഉണർത്താൻ ശ്രമിക്കുന്നതുപോലെ തോന്നി. ഞാൻ ഞെട്ടിത്തരിച്ചുപോയി, ശരീരം മുഴുവൻ വിയർത്തു, കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും ധൈര്യം വന്നില്ല. ആ വീടിന് എന്തോ ഒരു വിചിത്രമായ എനര്‍ജി ഉണ്ടായിരുന്നു. പക്ഷേ, അത് ഒരു ദോഷകരമായ ആത്മാവല്ല, ഒരുപക്ഷേ നിരുപദ്രവകരമായ ഒന്നായിരിക്കാം,’ സോനാക്ഷി പറഞ്ഞു. കഴിഞ്ഞ വർഷം നടി വിറ്റ ബാന്ദ്രയിലെ വീടിനെ കുറിച്ചാണ് നടി ഇക്കാര്യം പറഞ്ഞത്.എന്നാൽ നടിയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയിൽ വ്യാപകമായി ട്രോളുകളും എത്തുന്നുണ്ട്. ചിലർ നടിയുടെ ധൈര്യത്തെ പ്രശംസിച്ചെങ്കിലും മറ്റു ചിലർക്ക് ഇതൊരു പി ആർ വർക്കായാണ് തോന്നിയത്. ബോളിവുഡ് നടിമാരെല്ലാം സിനിമയുടെ പ്രമോഷൻസ് വേണ്ടി പ്രേതങ്ങളെയാണ് കൂട്ടുപിടിച്ചിരിക്കുന്നതെന്നാണ് പ്രധാനമായി ഉയരുന്ന വിമർശനം.