ആമിര്‍ ഖാന്‍ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് സിത്താരെ സമീന്‍ പര്‍. സ്‌പോര്‍ട്‌സ് കോമഡി ഴോണറില്‍ എത്തിയ സിനിമയ്ക്ക് പ്രതീക്ഷിച്ചപോലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ആമിര്‍ ഖാന്റെ ഗംഭീര തിരിച്ചുവരവെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ തനിക്ക് മുന്‍പ് തമിഴില്‍ ശിവകാര്‍ത്തികേയനേയും ഹിന്ദിയില്‍ ഫര്‍ഹാന്‍ അക്തറിനെയും സമീപിച്ചിരുന്നതായി ആമിര്‍ വ്യക്തമാക്കി. അവസാനനിമിഷത്തില്‍ ആകസ്മികമായാണ് താന്‍ സിനിമയുടെ ഭാഗമായതെന്നും ആമിര്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”തമിഴിലും ഹിന്ദിയിലും സിനിമയെടുക്കാനായിരുന്നു പദ്ധതി. പ്രസന്ന തമിഴില്‍ നിന്നുള്ളയാളാണ്. ഫര്‍ഹാന്‍ അക്തറിനോടും തമിഴില്‍ ശിവകാര്‍ത്തികേയനോടും കഥ പറഞ്ഞിരുന്നു. അവരുടെ ഡേറ്റുകളും ലോക്ക് ചെയ്തിരുന്നു. സിനിമയുടെ അവസാനഘട്ടം ഞാന്‍ പ്രൊഡ്യൂസറെന്ന നിലയില്‍ സിനിമയുടെ സംവിധായകനും റൈറ്റര്‍ക്കൊപ്പവും ഒരാഴ്ച ഇരിക്കാറുണ്ട്. എല്ലാം ശരിയാണോ, ഇനി തിരുത്തലുകള്‍ വേണോ എന്നെല്ലാമുള്ള അവസാനഘട്ട ചര്‍ച്ചയാണ് അത്.അങ്ങനെ ദിവ്യ(തിരക്കഥകൃത്ത്) ചിത്രത്തിലെ ഓരോ സീനുകള്‍ വായിക്കുകയും ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്തുകൊണ്ടിരിക്കവേയാണ് എന്തുനല്ല സ്‌ക്രിപ്റ്റാണ് ഇതെന്താണ് ഞാന്‍ ചെയ്യാത്തത് എന്ന ചിന്ത എനിക്ക് വരുന്നത്. എല്ലായ്‌പ്പോഴും ഇതേ ചിന്ത. ഒടുവില്‍ പ്രസന്നയോട് ഞാനിക്കാര്യം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ ഇത് ചെയ്യണം. പക്ഷെ അവസാന ഘട്ടമാണ്, മറ്റ് രണ്ടുപേരുടെ ഡേറ്റുകള്‍ വാങ്ങിക്കഴിഞ്ഞു, ഇനി സമയമുണ്ടോ എന്നെല്ലാം എനിക്ക് ആശങ്കയുണ്ടായിരുന്നു. അപ്പോള്‍ പ്രസന്ന എന്നോട് പറഞ്ഞു, എന്റെ ഫസ്റ്റ് ചോയ്‌സ് നിങ്ങളാണ് അവരോട് സംസാരിക്കൂവെന്ന്.’ ആമിര്‍ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, സിനിമ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട് ചെയ്തിട്ടുണ്ട്. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സിനിമയുടെ സംവിധാനം. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് ‘സിത്താരെ സമീൻ പർ’ എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ – എഹ്സാൻ – ലോയ് ആണ് സംഗീതം.