ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ വിശദീകരണവുമായി സംവിധായകൻ സേതുനാഥ് പദ്മകുമാർ, നായകനായ ആസിഫ് അലി, നിർമാതാവ് നൈസാം സലാം എന്നിവർ. പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരോപണങ്ങൾ വന്നതെന്ന് സംവിധായകൻ പറഞ്ഞു. സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് നിർമാതാവും പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മൂവരും ഇക്കാര്യം വിശദീകരിച്ചത്.
പ്ലാൻ ചെയ്തിരുന്നതുപോലെ ഏപ്രിൽ 17-നുതന്നെ ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷയെന്ന് സംവിധായകൻ സേതുനാഥ് പദ്മകുമാർ പറഞ്ഞു. അതനുസരിച്ച് പ്രചാരണ പരിപാടികളും നടത്തിയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത രീതിയിലാണ് സിനിമയേക്കുറിച്ച് കുറേ ആരോപണങ്ങൾ വന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
നിർമാതാവ് നൈസാം സലാമോ ക്രൂവിലെ മറ്റാരെങ്കിലുമോ ആരോപണമുന്നയിക്കുന്ന ആളുടെ കയ്യിൽനിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് ഈ സത്യം കോടതിയിൽ തെളിയിക്കാൻപറ്റുമെന്ന് ഉറപ്പുമുണ്ടെന്നും സേതുനാഥ് പറഞ്ഞു. ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് ആസിഫ് അലിയും പറഞ്ഞു.