കെജിഎഫ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്‌സിക്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇവ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പ്രതികരിച്ചുകൊണ്ട് രംഗത്തുവന്ന നിര്‍മാതാക്കള്‍ സിനിമയുടെ റിലീസ് ഡേറ്റും പുറത്തുവിട്ടിരുന്നു. ഒപ്പം യാഷിന്റെ പുത്തൻ പോസ്റ്ററും പങ്കുവെച്ചിരുന്നു. അപ്പോഴും സിനിമയിലെ നായിക ആരായിരിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ സിനിമയിലെ നായികയെ വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവത്തകർ.
കിയാര അദ്വാനിയാണ് സിനിമയിൽ നായികയായി എത്തുന്നത്. നദിയ എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിക്കുന്നത്. പുത്തൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഗീതു മോഹൻദാസ് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘ചില പ്രകടനങ്ങൾ ഒരു സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല, അവ ഒരു കലാകാരനെ പുനർനിർവചിക്കുന്നു. ഈ സിനിമയിൽ കിയാര സ്‌ക്രീനിൽ സൃഷ്ടിച്ചത് അടിമുടി വ്യത്യസ്തമായ വേഷമാണ്. ഞങ്ങളുടെ ആദ്യ സംഭാഷണം മുതൽ തന്നെ അവർ ഈ വേഷത്തിൽ വിശ്വാസം അർപ്പിച്ചിരിന്നു. അവർ ആ വേഷം ചെയ്യുക മാത്രമല്ല, അതിൽ ജീവിക്കുകയും ചെയ്തു. ഒരു സംവിധായിക എന്ന നിലയിൽ, കിയാരയും അവർ നൽകിയ പ്രകടനവും, ഞങ്ങളുടെ പങ്കിട്ട യാത്രയിൽ അവർ കൊണ്ടുവന്ന വിശ്വാസത്തിലും ഞാൻ വളരെ അഭിമാനിക്കുന്നു,’ ഗീതു മോഹൻദാസ് കുറിച്ചു.
യഷിനേക്കാൾ മുകളിൽ നിൽക്കുമോ കിയാര എന്നാണ് ആരാധകർ ഒറ്റുനോക്കുന്നത്. പോസ്റ്ററിലെ നടിയുടെ ബോൾഡായ ഭാവത്തിലും ലുക്കിലും വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 19നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഒരു കാര്യം ആരാധകരുടെ ശ്രദ്ധയിൽപ്പെടുകയാണ്. പോസ്റ്ററിൽ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് യഷും ഗീതു മോഹൻദാസും ചേർന്നാണ് എന്നാണ് കൊടുത്തിരിക്കുന്നത്. ഇതാണ് ചർച്ചയാകുന്നത്. നേരത്തെ യഷും ഗീതുവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് ഇതിൽ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിർമാതാക്കൾ എത്തിയിരുന്നു.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.




