Chithrabhoomi

‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടയണം; കൂടത്തായി ജോളി

‘അണലി’ വെബ്സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രതി ജോളി ഹൈകോടതിയെ സമീപിച്ചു. കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ടുള്ളതാണ് വെബ് സീരീസെന്നും അതിനാൽ സംപ്രേഷണം വിലക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. എന്നാൽ വെബ് സീരീസിന്റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്ന അനുമാനത്തിൽ സംപ്രേഷണം ​സ്റ്റേ ചെയ്യാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കൂടത്തായി കേസുമായി സാമ്യം മാത്രമാണ് സീരിസിനുള്ളതെന്നും കോടതി വാക്കാൽ പരാമർശിച്ചു. ആവിഷ്കാര സ്വാതന്ത്രം ഉണ്ടെന്നും യഥാർഥത്തിൽ സംഭവിച്ച ഒരു കൃത്യത്തെ ആസ്പദമാക്കി സിനിമയോ സീരിസോ വരുന്നതിൽ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘കുറുപ്പ്’ അടക്കമുള്ള സിനിമകളും ഹൈകോടതി പരാമർശിക്കുകയുണ്ടായി.

വിചാരണ നടക്കുന്ന കേസായതിനാൽ മാത്രമാണ് ഇത് വിഷയമാകുന്നതെന്നും കോടതി പറഞ്ഞു. ഹരജി പരിഗണിച്ച കോടതി നിർമാതാക്കളായ ജിയോ ഹോട്സ്റ്റാറിനും സംവിധായകൻ മിഥുൻ മാനുവൽ തോമസിനും സി.ബി.എഫ്.സിക്കും നോട്ടീസ് അയച്ചു. കേസ് ജനുവരി പതിനഞ്ചിന് വീണ്ടും പരിഗണിക്കും.
ഹോട്സ്റ്റാറിൽ റിലീസ് ചെയ്യാനിരിക്കുന്ന സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ലിയോണ ലിഷോയ് ആണ്. ലിയോണയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം കൂടിയാകും ഇത്. നടി നിഖില വിമലും സീരീസിൽ പ്രധാന കഥാപാത്രമായി വരുന്നുണ്ട്.

പാലായിലും പരിസരങ്ങളിലുമായിട്ടായിരുന്നു സീരീസിന്റെ ചിത്രീകരണം. നേരത്തെ ‘കറി ആൻഡ് സയനൈഡ്’ എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയും ‘കൂടത്തായി’ എന്ന പേരിൽ ടെലിവിഷൻ പരമ്പരയും കേസിനാസ്പദമായി ഒരുങ്ങിയിരുന്നു. കൂടത്തായിയിൽ 2002 മുതൽ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button