Telugu

ഓരോ കേൾവിയിലും മനം കവരും ! ‘രാജാസാബി’ലെ സെക്കൻഡ് സിംഗിൾ പുറത്ത്

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘സഹാനാ…സഹാനാ…’ എന്ന പ്രണയ ഗാനം ഓരോ കേൾവിയിലും ഇഷ്ടം കൂടുന്ന രീതിയിലുള്ളൊരു ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. പ്രഭാസും നിധി അഗർവാളുമാണ് ഗാനരംഗത്തിലുള്ളത്. സംഗീത സംവിധായകൻ തമൻ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഡി ധീരജ്, തമൻ എസ്, ശ്രുതി രഞ്ജനി എന്നിവർ ചേർന്നാണ്. ഗാനം എഴുതിയിരിക്കുന്നത് നിർമ്മൽ എം.ആർ ആണ്. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത ‘റിബൽ സാബ്’ എന്ന ഗാനത്തിന് പിന്നാലെയാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ‘രാജാ സാബി’ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി.

ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്.

ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button