ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് അഖണ്ഡ2: താണ്ഡവം. സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരുന്നത്. സിനിമ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
60 കോടിയ്ക്ക് അടുത്താണ് ആഗോള ബോക്സ്ഓഫീസിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് സിനിമ നേടിയിരിക്കുന്നത്. ബാലയ്യയുടെ കരിയറിലെ ബെസ്റ്റ് ഓപ്പണിങ് ആണ് സിനിമയുടേത്. പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രീമിയർ ഷോകളിൽ നിന്നുള്ള കളക്ഷൻ കൂടെ കൂട്ടുമ്പോൾ സിനിമ 59.5 കോടി രൂപ തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തിട്ടിട്ടുണ്ട്. ഡിസംബർ 12 ന് തിയേറ്ററുകളിൽ ചിത്രം ആദ്യ വാരാന്ത്യത്തിൽ തന്നെ 100 കോടി കടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 120 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 22 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.
പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീൽസ് പ്ലസിന്റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. രചന, സംവിധാനം ബോയപതി ശ്രീനു, നിർമ്മാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്.




