ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി ഒരുക്കിയ ചിത്രമായിരുന്നു അമരൻ. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 300 കോടിക്കും മുകളിലാണ്. ഈ സിനിമയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി ഒരു ചിത്രം രാജ്കുമാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ചില അപ്ഡേറ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയെ സമീപിച്ചെന്നും 15 കോടി രൂപ അദ്ദേഹത്തിന് പ്രതിഫലമായി ഓഫർ ചെയ്തെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ചിത്രത്തിൽ ആദ്യം പൂജ ഹെഗ്ഡെയെ ആയിരുന്നു നായികയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പൂജയ്ക്ക് പകരം സായ് പല്ലവി നായികയാകും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നതും. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം, ബോളിവുഡ് ചിത്രം തേരെ ഇഷ്ക് മേം ആണ് ഒടുവിൽ പുറത്തുവന്ന ധനുഷ് ചിത്രം. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്ക് മേം. സിനിമയ്ക്ക് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത 6 ദിവസം പിന്നിടുമ്പോൾ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഈ വർഷത്തെ രണ്ടാമത്തെ 100 കോടിയാണ് ധനുഷിന്റേത്. ശേഖർ കമ്മുല സംവിധാനം ചെയ്ത കുബേര ആണ് ഇതിന് മുൻപ് 100 കോടിയിലെത്തിയ ധുഷിന്റെ ചിത്രം.
വളരെ ഇമോഷണൽ ആയ ഒരു പ്രണയകഥയാണ് സിനിമ ചർച്ചചെയ്യുന്നത്. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്. ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷിൻ്റെ തമിഴ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.




