അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വാങ്ക. സംവിധയകാൻ പ്രഭാസിന്റെ നായകനാക്കി ഒരുക്കുന്ന സ്പിരിറ്റ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു. നടൻ ചിരഞ്ജീവിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കിട്ട് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയിൽ നടന്റെ ലുക്ക് അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടില്ല. പകരം സിനിമയുടെ ക്ലാപ് ബോർഡ് പിടിക്കുന്ന പ്രഭാസിന്റെ കൈകളാണ് സന്ദീപ് റെഡ്‌ഡി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. പ്രഭാസിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിടാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട് എന്നതാണ് ഇതിൽ നിന്ന് മനസിലാകുന്നത്.
പ്രഭാസ് നായകനായി എത്തുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. സ്പിരിറ്റിൽ നിന്നും ബോളിവുഡ് നായിക ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന വാർത്ത ഏറെ ചർച്ചാവിഷയം ആയിരുന്നു. സ്പിരിറ്റിൽ ഭാഗമാകുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക പദുകോൺ മുന്നോട്ടുവച്ചതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ദീപികയ്ക്ക് പകരം തൃപ്തി ഡിമ്രിയാണ് ചിത്രത്തിൽ നായികയാവുന്നത്. വിക്രം ഒബ്‌റോയ്, പ്രകാശ് രാജ് എന്നിവർ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അതേസമയം, 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ചിത്രത്തിനായി സന്ദീപ് കൊറിയയിൽ നിന്നും യു എസ്സിൽ നിന്നുമുള്ള അഭിനേതാക്കൾക്കായി തെരച്ചിൽ നടത്തുന്നെന്നും വമ്പൻ ആക്ഷൻ സീനുകൾ ആണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നതെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്.




