Chithrabhoomi

ധ്യാൻ ശ്രീനിവാസന്‍റെ വള ഒ.ടി.ടിയിലേക്ക്

ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ‘വള’. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിന് ശേഷം മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉണ്ട, പുഴു തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ ശ്രദ്ധനേടിയ ഹർഷദാണ് വളയുടെ തിരക്കഥ. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഇപ്പോഴിതാ വള ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.

സൈന പ്ലേയിലൂടെയാണ് ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വേഫറര്‍ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 19 നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്തയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ് (പർഫ്യൂമർ), ഗോകുലൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഹാസ്യവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ഒരുപാട് നിഗൂഢതകളും നിറഞ്ഞ, തികച്ചും വേറിട്ടൊരു കഥയാണ് ഈ ചിത്രമെന്നും മലയാളത്തിൽ ആദ്യ ചിത്രം ചെയ്യുമ്പോൾ തന്നെ പ്രേക്ഷകർക്ക് നൂതനമായ ഒരനുഭവം നൽകാനാണ് തങ്ങൾ ശ്രമിച്ചതെന്നും ചിത്രത്തിന്റെ നിർമാതാക്കൾ പറഞ്ഞിരുന്നു.മനുഷ്യന്റെ ആർത്തി എന്ന വികാരത്തെ കേന്ദ്രീകരിച്ചാണ് ‘വള’യുടെ കഥ വികസിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അഫ്നാസ് വിയാണ്. എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് സിദ്ദിഖ്. പി ഹൈദറാണ്. തിരക്കഥയുടെ അവതരണത്തിലെ പാളിച്ചകളും അവ്യക്തമായ രാഷ്ട്രീയ നിലപാടും സിനിമക്ക് തിരിച്ചടിയായി. അതിനാൽ തിയറ്ററിൽ ചിത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഒ.ടി.ടിയിൽ എന്ത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button