നടൻ സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ വീട്ടുജോലിക്കാരിയും മകനും ചേര്‍ന്ന് 42 ലക്ഷം രൂപ തട്ടിപ്പിനിരയാക്കിയതായി പരാതി. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സൂര്യയുടെ വീട്ടുജോലിക്കാരിയാണ് തട്ടിപ്പിന് പിന്നിലെന്ന് തെളിഞ്ഞു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് സുരക്ഷാ ഉദ്യോഗസ്ഥനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അദ്ദേഹം പിന്നീട് പരാതി നൽകിയതോടെയാണ് വീട്ടുജോലിക്കാരിയും മകനും നടത്തിയിരുന്ന സാമ്പത്തിക തട്ടിപ്പുകളുടെ പരമ്പര പുറത്തു വന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മമ്പലം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം ജോലിക്കാരിയും കുടുംബാംഗങ്ങളും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തതോടെ ആൻ്റണി ജോർജ് പണം മുടക്കിത്തുടങ്ങി. ആദ്യം ചെറുതായി തുടങ്ങിയ നിക്ഷേപം പിന്നീട് വലിയ തട്ടിപ്പായി മാറി. പല ലക്ഷങ്ങൾ മുടക്കിയ ശേഷവും വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാകാതെ വന്നതോടെയാണ് പരാതി നല്‍കിയത്.
ആദ്യം സുലോചനയും കുടുംബാംഗങ്ങളും ചെറിയ തോതിൽ ലാഭം തിരികെ നൽകി സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വിശ്വാസം നേടി. പിന്നാലെ തട്ടിപ്പ് തുടർന്നുവെന്നാണ് പരാതി. വിശ്വാസം നേടാനായി ആദ്യം നടത്തിയ ഇടപാടിന് പ്രതിഫലമായി ഏകദേശം 30 ഗ്രാം സ്വർണം വരെ അവർ നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഈ വിഷയത്തിൽ ഇതുവരെ നടൻ സൂര്യ പ്രതികരിച്ചിട്ടില്ല.