രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “കൂലി”യിലെ “മോണിക്ക” ഗാനം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു. നടി പൂജ ഹെഗ്‌ഡെ ഗാനരംഗത്ത് എത്തുന്നുണ്ടെങ്കിലും മലയാളികളുടെ പ്രിയതാരം സൗബിൻ ഷാഹിറിന്റെ ഡാൻസാണ് ഗാനത്തെ കൂടുതൽ ജനപ്രിയമാക്കിയത്. സോഷ്യൽ മീഡിയ റീലുകളിൽ ട്രെൻഡിങ്ങായ ഗാനം വലിയ പ്രേക്ഷക ശ്രദ്ധയും നേടിക്കഴിഞ്ഞു. [Monica song from Coolie]
എന്നാൽ ഒരു അഭിമുഖത്തിൽ ഈ വൈറൽ പ്രകടനത്തിന് പിന്നിൽ സൗബിന് ചെറിയൊരു ഭയമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗാനത്തിൻ്റെ കൊറിയോഗ്രാഫർ സാൻഡി മാസ്റ്റർ. “സൗബിന് ‘മോണിക്ക’ പാട്ടിന് വേണ്ടി നൃത്തം ചെയ്യാൻ ആദ്യം പേടിയുണ്ടായിരുന്നു. കാരണം ഇത്രയും വലിയൊരു ആൾക്കൂട്ടത്തോടൊപ്പം ഡാൻസ് ചെയ്യുന്നത് അദ്ദേഹത്തിന് ആദ്യാനുഭവമായിരുന്നു” സാൻഡി മാസ്റ്റർ പറഞ്ഞു.
മുൻപ് ചെറിയ ബ്രേക്ക് ഡാൻസുകൾ സൗബിൻ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരു പ്രൊജക്റ്റിൽ കൂട്ടമായി നൃത്തം ചെയ്യുന്നത് ഒരു പുതിയ അനുഭവമായിരുന്നെന്നും സാൻഡി വ്യക്തമാക്കി. സൗബിൻ്റെ പ്രകടനത്തിന് മികച്ച റീച്ച് ലഭിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും, ഗാനം തീർച്ചയായും വൈറലാകുമെന്നും സാൻഡിക്ക് വിശ്വാസമുണ്ടായിരുന്നു. കേരളത്തിലും എല്ലായിടത്തും ഗാനം ട്രെൻഡിങ് ആയതിൽ സൗബിനും ഏറെ സന്തോഷമുണ്ട് സാൻഡി കൂട്ടിച്ചേർത്തു.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് “കൂലി”. സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആഗസ്റ്റ് 14-ന് “കൂലി” ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. “മോണിക്ക” ഗാനം നൽകിയ ഹൈപ്പ് ചിത്രത്തിൻ്റെ വിജയത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷകൾ.