ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം ‘ദി ഒഡീസി’ റിലീസിന് ഒരു വർഷം മുമ്പുതന്നെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. 2026 ജൂലൈ 26-നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. എന്നാൽ 2025 ജൂലൈ 17 മുതൽ തിരഞ്ഞെടുക്കപ്പെട്ട 70mm ഐമാക്സ് തിയേറ്ററുകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷങ്ങൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് ഇത്രയും കാലയളവ് മുൻപ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതും ഇത്ര വേഗത്തിൽ വിറ്റഴിയുന്നതും ഒരു സിനിമയുടെ കാര്യത്തിൽ ഇത് ആദ്യമായാണ്.
ക്രിസ്റ്റഫർ നോളന്റെ ഓസ്കാർ ചിത്രം ‘ഓപ്പൺഹൈമറിന്’ ശേഷമെത്തുന്ന സിനിമയെന്ന നിലയിൽ ‘ദി ഒഡീസി’ പ്രേക്ഷകരിൽ വലിയ പ്രതീക്ഷകളാണ് ഉണർത്തുന്നത്.ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ‘ഒഡീസി’യെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ട്രോജൻ യുദ്ധത്തിനുശേഷം സ്വന്തം രാജ്യമായ ഇത്താക്കയിലേക്ക്, ഭാര്യ പെനലോപ്പിയുടെ അടുത്തേക്ക് മടങ്ങാൻ ശ്രമിക്കുന്ന രാജാവ് ഒഡീഷ്യസിന്റെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിൽ മാറ്റ് ഡാമൺ പ്രധാന കഥാപാത്രമായ ഒഡീഷ്യസിനെ അവതരിപ്പിക്കുന്നു. കൂടാതെ വൻ താരനിരയും ചിത്രത്തിലുണ്ട്: ടോം ഹോളണ്ട് ഒഡീഷ്യസിന്റെ മകൻ ടെലിമാക്കസായി എത്തുന്നു, ചാർലിസ് തെറോൺ മാന്ത്രിക ദേവതയായ സിർസിയായി വേഷമിടുന്നു. ആനി ഹാത്ത്വേ, ജോൺ ബെർന്താൽ, സെൻഡായ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്. എന്നിരുന്നാലും ആനി ഹാത്ത്വേ, സെൻഡായ, റോബർട്ട് പാറ്റിൻസൺ എന്നിവരുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നോളൻ തന്റെ ചിത്രങ്ങളിൽ ഐമാക്സ് ഫോർമാറ്റ് ഉപയോഗിക്കുന്നത് പുതിയ കാര്യമല്ല. 2008-ലെ ബ്ലോക്ക്ബസ്റ്ററായ ‘ദി ഡാർക്ക് നൈറ്റി’ലാണ് അദ്ദേഹം ആദ്യമായി ഐമാക്സ് ക്യാമറകൾ ഉപയോഗിച്ചത്. അന്ന് ചില ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കാൻ മാത്രമാണ് ഐമാക്സ് ക്യാമറകൾ ഉപയോഗിച്ചത്. ഹോളിവുഡിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ചിത്രമായിരുന്നു ‘ദി ഡാർക്ക് നൈറ്റ്’. പിന്നീട് ‘ഇൻസെപ്ഷൻ’ (2010), ‘ഇന്റർസ്റ്റെല്ലാർ’ (2014), ‘ടെനെറ്റ്’ (2020) തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ഐമാക്സ് ക്യാമറകൾ ഉപയോഗിച്ചു. എന്നാൽ ‘ദ് ഒഡീസി’ പൂർണ്ണമായും ഐമാക്സ് ഫിലിം ക്യാമറകളിൽ ചിത്രീകരിച്ച ആദ്യത്തെ ചിത്രമാണ്.