HindiNews

അക്ഷയ് കുമാറിന്റെ കൈത്താങ്ങ്; 700-ഓളം ബോളിവുഡ് സ്റ്റണ്ട് കലാകാരന്മാർക്ക് ഇൻഷുറൻസ് സുരക്ഷ

പാ രഞ്ജിത് ചിത്രം ‘വേട്ടുവത്തിന്റെ’ ചിത്രീകരണത്തിനിടെയുണ്ടായ ദാരുണമായ സംഭവം സ്റ്റണ്ട് മാസ്റ്റർ എസ്. മോഹൻരാജിന്റെ ജീവനെടുത്തത് സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സംഘട്ടന രംഗങ്ങളിലെ കലാകാരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഇതോടെ വീണ്ടും സജീവ ചർച്ചയായി. ഈ നിർണായക ഘട്ടത്തിൽ ബോളിവുഡിലെ സ്റ്റണ്ട് കലാകാരന്മാർക്ക് അക്ഷയ് കുമാർ നൽകുന്ന പിന്തുണയെക്കുറിച്ച് സംവിധായകൻ വിക്രം സിംഗ് ദഹിയ നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമാകുകയാണ്. ഇത് സിനിമാ ലോകത്തിന് തന്നെ ഒരു മാതൃകയായി മാറുകയാണ്.

ദഹിയയുടെ വാക്കുകൾ പ്രകാരം, ബോളിവുഡിലെ ഏകദേശം 650 മുതൽ 700 വരെ വരുന്ന സ്റ്റണ്ട് മാൻമാർക്കായി അക്ഷയ് കുമാർ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. “ആരോഗ്യ-അപകട പരിരക്ഷയാണ് ഇതിലൂടെ ഉറപ്പുവരുത്തുന്നത്. സെറ്റിലോ പുറത്തോ വെച്ച് സ്റ്റണ്ട്മാന് പരിക്കേറ്റാൽ അഞ്ചര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും,” ദഹിയ പറയുന്നു. ഇത് മാത്രമല്ല അപകടമരണമുണ്ടായാൽ കുടുംബത്തിന് 25 ലക്ഷം രൂപ ഇൻഷുറൻസിൽ നിന്ന് ലഭിക്കും എന്നത് അവരുടെ ഭാവിക്കും സുരക്ഷയ്ക്കും വലിയൊരു ആശ്വാസമാണ്. നേരത്തെ ഇങ്ങനെയൊരു ഇൻഷുറൻസ് പദ്ധതി നിലവിലുണ്ടായിരുന്നില്ല. സ്റ്റണ്ട് കലാകാരന്മാർ നേരിടുന്ന വെല്ലുവിളികൾ നേരിട്ടറിഞ്ഞ അക്ഷയ് കുമാർ ഈ പദ്ധതിക്ക് വേണ്ടി നിലപാടെടുക്കുക മാത്രമല്ല, അതിന്റെ സാമ്പത്തിക കാര്യങ്ങൾക്കും സഹായിച്ചു.

സിനിമാ ലോകത്ത് സ്വന്തം ശരീരം കൊണ്ട് സാഹസിക പ്രകടനങ്ങൾ നടത്തുന്ന സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് നേരത്തെ മതിയായ സുരക്ഷാ കവചങ്ങളില്ലായിരുന്നു. അക്ഷയ് കുമാറിന്റെ ഈ ഇടപെടൽ അവർക്ക് വലിയൊരു കൈത്താങ്ങായി മാറി. മൂവി സ്റ്റണ്ട് ആർട്ടിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അജാസ് ഖാൻ അക്ഷയ് കുമാറിന്റെ ഈ ഉദ്യമത്തെ അഭിനന്ദിച്ചു. 2017 മുതൽ നടപ്പിലാക്കി വരുന്ന ഈ ഇൻഷുറൻസ് പദ്ധതിക്ക് കഴിഞ്ഞ എട്ട് വർഷമായി അക്ഷയ് കുമാറിന്റെ സ്വന്തം പോക്കറ്റിൽ നിന്നാണ് ഫണ്ട് ലഭിക്കുന്നത് എന്നത് ഈ പദ്ധതിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. “ഇത് സംഘട്ടന കലാകാരന്മാർക്ക് ശരിക്കും ഗുണം ചെയ്തു,” അജാസ് ഖാൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button