ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷൻസും അവരുടെ സ്വപ്ന പദ്ധതിയായ ആനിമേറ്റഡ് ഫ്രാഞ്ചൈസിയായ മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിന്റെ ലൈനപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ഒരു ദശാബ്ദത്തിലേറെ നീണ്ടുനിൽക്കുന്ന ഈ പരമ്പര, 2025-ൽ മഹാവതാർ നരസിംഹത്തിൽ തുടങ്ങി 2037-ൽ മഹാവതാർ കൽക്കി രണ്ടാം ഭാഗത്തിൽ അവസാനിക്കുന്ന രീതിയിൽ വിഷ്ണുവിന്റെ പത്ത് ദിവ്യ അവതാരങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കും. ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘മഹാവതാർ നരസിംഹ’ സംവിധാനം ചെയ്യുന്നത് അശ്വിൻ കുമാറാണ്. ആകർഷകമായ ഉള്ളടക്കത്തിന് പേരുകേട്ട ഹോംബാലെ ഫിലിംസ് അവതരിപ്പിക്കുന്ന ഈ കൂട്ടുകെട്ട് വിവിധ വിനോദ പ്ലാറ്റ്ഫോമുകളിൽ ഒരു സിനിമാറ്റിക് അത്ഭുതം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. സമാനതകളില്ലാത്ത ദൃശ്യ ഗാംഭീര്യം, സാംസ്കാരിക സമ്പന്നത, സിനിമാറ്റിക് മികവ്, കഥപറച്ചിലിന്റെ ആഴം എന്നിവ നിറഞ്ഞ ചിത്രം 3ഡിയിലും അഞ്ച് ഇന്ത്യൻ ഭാഷകളിലും 2025 ജൂലൈ 25 ന് റിലീസ് ചെയ്യും.
മഹാവതാർ നരസിംഹ (2025)
മഹാവതാർ പരശുരാം (2027)
മഹാവതാർ രഘുനന്ദൻ (2029)
മഹാവതാർ ധാവകദേശ് (2031)
മഹാവതാർ ഗോകുലാനന്ദ (2033)
മഹാവതാർ കൽക്കി ഭാഗം 1 (2035)
മഹാവതാർ കൽക്കി രണ്ടാം ഭാഗം (2037)
എന്നിവയാണ് മഹാവതാർ സീരിസില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
ക്ലീം പ്രൊഡക്ഷൻസ്, ഹോംബാലെ ഫിലിംസിനൊപ്പം ചേര്‍ന്നാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു സിനിമാറ്റിക് സ്കെയിലിൽ വലിയ സ്ക്രീനിലേക്ക് കൊണ്ടുവരുന്നതിൽ ആവേശഭരിതരാണ് താനെന്ന് ചിത്രത്തിന്റെ സംവിധായകൻ അശ്വിൻ കുമാർ പറഞ്ഞു. ദശവതാരത്തിന്റെ മഹാവതാർ പ്രപഞ്ചത്തിലൂടെയാണ് ഈ അതീന്ദ്രിയ അനുഭവം ആരംഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചിത്രങ്ങളുടെ സാധ്യതകൾ അനന്തമാണെന്നും തങ്ങളുടെ കഥകൾ സ്ക്രീനിൽ ജീവൻ പ്രാപിക്കുന്നത് കാണാനും ഒരു ഇതിഹാസ സിനിമാറ്റിക് യാത്രയ്ക്കായും താൻ ആവേശത്തോടെ തയ്യാറെടുക്കൂകയാണ് എന്നാണ് നിർമ്മാതാവ് ശിൽപ ധവാൻ പറഞ്ഞു.
സമയത്തിനും അതിരുകൾക്കും അതീതമായ കഥപറച്ചിലിൽ തങ്ങൾ വിശ്വസിക്കുന്നു എന്നാണ് ഹോംബാലെ ഫിലിംസിന്റെ വക്താവ് പറയുന്നത്. മഹാവതാറിലൂടെ, വിഷ്ണുവിന്റെ അവതാരങ്ങളെ ആനിമേഷനിലൂടെ ജീവസുറ്റതാക്കുന്ന ഒരു സിനിമാറ്റിക് പ്രപഞ്ചത്തെ അവതരിപ്പിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു എന്നും ഇത് ഇന്ത്യയുടെ ആത്മീയ പൈതൃകത്തിനുള്ള തങ്ങളുടെ ആദരവ് ആണെന്നും അവർ പറഞ്ഞു. മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സ് സിനിമയിൽ മാത്രം ഒതുങ്ങുന്നില്ല; ഇത് ഒരു മൾട്ടി-പ്ലാറ്റ്ഫോം സാംസ്കാരിക പ്രതിഭാസമായി വിഭാവനം ചെയ്യപ്പെടുന്നു. കോമിക്സ്, ഇമ്മേഴ്സീവ് വീഡിയോ ഗെയിമുകൾ, ഡിജിറ്റൽ സ്റ്റോറിടെല്ലിംഗ്, എന്നിവയിലേക്ക് വികസിക്കുന്ന ഈ യൂണിവേഴ്സ്, ഇതിഹാസ കഥകളുമായി ഇടപഴകാൻ ആരാധകർക്ക് ഒന്നിലധികം വഴികൾ വാഗ്ദാനം ചെയ്യുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. എല്ലാ പ്രായ പരിധിയിലും പ്ലാറ്റ്ഫോമുകളിലും ഉള്ള ഇന്നത്തെ പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്ന ഒരു സമ്പന്നമായ ലോകം കെട്ടിപ്പടുക്കുകയും ചെയ്യുമെന്നും നിര്‍മാതാക്കള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. പിആർഒ – വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ