ചതുരംഗ വേട്ട, തീരൻ അധികാരം ഒൻട്ര് എന്നീ സിനിമകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് എച്ച് വിനോദ്. വിജയ്യെ നായകനാക്കി ഒരുക്കുന്ന ജനനായകനാണ് ഇനി പുറത്തിറങ്ങാനുള്ള എച്ച് വിനോദ് ചിത്രം. ഇപ്പോഴിതാ വിജയ് ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അടുത്ത എച്ച് വിനോദ് സിനിമയെക്കുറിച്ചുള്ള വാർത്തയാണ് ചർച്ചയാകുന്നത്. നടൻ രജനികാന്തുമായി എച്ച് വിനോദ് രണ്ട് തവണ കൂടിക്കാഴ്ച നടത്തുകയും അദ്ദേഹവുമായി അടുത്ത സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സംവിധായകൻ നടത്തിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ജനനായകന് ശേഷം സൂപ്പർസ്റ്റാറുമായി എച്ച് വിനോദ് ഒന്നിക്കാൻ ഒരുങ്ങുകയാണോ എന്നാണ് രജനി ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. അതേസമയം വിജയ്യെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന ജനനായകൻ അടുത്ത വർഷം ജനുവരിയിൽ പൊങ്കൽ റിലീസിനെത്തും. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്.
വിജയ്യുടെ പിറന്നാൾ ദിനമായ ജൂൺ 22 ന് ജനനായകന്റെ ഗ്ലിംപ്സ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ വിജയ് പൊലീസ് ആയിട്ടാണ് എത്തുന്നത്. അതേസമയം, ലോകേഷ് കനകരാജ് സിനിമയായ കൂലി ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ചിത്രം കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി താൻ എത്തുന്നുണ്ടെന്ന് ബോളിവുഡ് താരം ആമീർ ഖാൻ വെളിപ്പെടുത്തിയിരുന്നു.