ഇരുണ്ട ഭൂതകാലമുള്ള, എന്നാൽ സമാധാനമായി കുടുംബജീവിതം നയിക്കുന്ന ഒരു സാധാരണക്കാരന് വീണ്ടും ഒരു പ്രശ്നത്തിൽവന്നു വീണ് വില്ലൻമ്മാരെ ഇടിച്ചു പരത്തുന്ന സിനിമകൾ എല്ലാ ഭാഷയിലുമുള്ള കച്ചവട സിനിമകളുടെ ഇഷ്ട പ്രമേയമാണ്. അങ്ങനെ വന്നു ഹോളിവുഡിൽ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു 2021ൽ പുറത്തുവന്ന ഹോളിവുഡ് ആക്ഷൻ ത്രില്ലർ നോബഡി. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന നോബഡിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
ബോബ് ഓഡൻകിർക്ക് വീണ്ടും ഹാച്ച് മാൻസലായി അഭിനയിക്കുന്ന നോബഡി 2 ആഗസ്റ്റ് 15 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. ആദ്യ ചിത്രത്തിലെ പോലെ തന്നെ നായകന്റെയും കുടുംബത്തിന്റെയും സ്വസ്ഥ ജീവിതത്തിന് തടസമായെത്തുന്ന വില്ലന്മാരുമായുള്ള നായകന്റെ പോരാട്ടം തന്നെയാണ് ഇക്കുറിയും പ്രമേയമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
കുടുംബത്തോടൊത്ത് അവധിക്കാലം ആഘോഷിക്കുന്ന ഹാച്ച് മാൻസലുമായുള്ള വില്ലന്മാരുടെ തകർപ്പൻ സംഘട്ടന രംഗങ്ങൾ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. യൂണിവേഴ്‌സൽ സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്ന നോബഡി 2 സംവിധാനം ചെയ്തിരിക്കുന്നത് റിമോ ജാന്റോയാണ്.
നോബഡി കൂടാതെ ബെറ്റർ കോൾ സോൾ എന്ന ടിവി ഷോയിലൂടെയും ശ്രദ്ദേയനായ ബോബ് ഓഡൻകിർക്ക് അടുത്തിടെ അസുഖബാധിതനായി ഗുരുതരാവസ്ഥയിലെത്തിയത് വലിയ വാർത്തയായിരുന്നു. സുഖം പ്രാപിച്ച ശേഷമാണ് നോബഡി 2 വിലെ ശ്രമകരമായ സംഘട്ടനരംഗങ്ങൾ അദ്ദേഹം അഭിനയിച്ചതെന്നത് ശ്രദ്ധേയമാണ്.