രാജ്യമെങ്ങും ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നം-കമൽ ഹാസ്സൻ ചിത്രം ‘തഗ് ലൈഫി’ലെ ആദ്യ ഗാനം റിലീസ് ചെയ്തു. എ.ആർ റഹ്മാന്റെ മായിക സംഗീതത്തിലൊരുങ്ങിയിരിക്കുന്ന ‘ജിങ്ക്ച്ചാ’ എന്ന ഗാനം ചിത്രത്തിലെ ഒരു കല്യാണ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ലിറിക്കൽ ഗാനരംഗത്തിൽ കമൽ ഹാസനൊപ്പം ചിമ്പുവിനെയും കാണാൻ സാധിക്കും.
ഇന്ത്യൻ സിനിമയിലെ തന്ന എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ നായകൻ റിലീസ് ചെയ്ത് 38 വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽ ഹാസനും തഗ് ലൈഫിലൂടെയാണ് ഒന്നിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. വൈശാലി സാമന്ത, ശക്തിശ്രീ ഗോപാലൻ, ആദിത്യ ആർ.കെ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് കമൽ ഹാസനാണ്. റിലീസ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ 30 ലക്ഷം കാഴ്ചക്കാരെ നേടിയ ഗാനം ചിത്രത്തിന്റെ ലോഞ്ച് സംബന്ധിച്ച് നടത്തിയ പ്രത്യേക പ്രെസ്സ് മീറ്റിനോടനുബന്ധിച്ചാണ് പുറത്തുവിട്ടത്. ജൂൺ അഞ്ചിന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുന്ന ചിത്രത്തിൽ കമൽ ഹാസനും, ചിമ്പുവിനുമൊപ്പം അശോക് സെൽവൻ, ജോജു ജോർജ്, തൃഷ, അഭിരാമി, അശോക് സെൽവൻ, പങ്കജ് തൃപ്‍തി, നാസർ തുടങ്ങിയ വമ്പൻ താരനിരയുമുണ്ട്.
ഇതിനകം റിലീസ് ചെയ്ത ചിത്രത്തിന്റെ ടൈറ്റിൽ ടീസറും, റിലീസ് ഡേറ്റ് അനൗൺസ്‌മെന്റ് ടീസറും യൂട്യൂബിൽ വമ്പൻ ഹിറ്റായിരുന്നു. കമൽ ഹാസ്സൻ 3 വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രം ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ആദ്യം ദുൽഖർ സൽമാനും ജയം രവിയും പ്രധാന വേഷങ്ങളിലെത്തും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും വ്യക്തമല്ലാത്ത ചില കാരണങ്ങൾക്കൊണ്ട് ഇരുവരും ചിത്രത്തിൽ നിന്നും പിന്മാറിയത് വലിയ വാർത്തയായിരുന്നു.