Tamil Cinema

‘ജനനായകന്’ പകരം എത്തുന്നത് ‘തെരി’; പൊങ്കൽ ആഘോഷമാക്കാൻ റീ- റിലീസ്

വിജയ് ചിത്രം ‘ജനനായകന്’ പകരം, പൊങ്കലിന് ഹിറ്റ് സിനിമയായ ‘തെരി’ റീ റിലീസ് ചെയ്യും. ഈമാസം പതിനഞ്ചിനാണ് റി റിലീസ്. ജനനായകന് സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ആഗോളതലത്തിൽ ‘തെരി’ റീ- റിലീസ് ചെയ്യും. അറ്റ്‌ലീ സംവിധാനംചെയ്ത ചിത്രത്തിൽ ഇരട്ടവേഷത്തിലായിരുന്നു വിജയ് എത്തിയത്. സാമന്ത റുത്ത് പ്രഭു, എമി ജാക്‌സൺ എന്നിവരായിരുന്നു നായികമാർ.

അതേസമയം സെൻസർ ബോർഡ് സർട്ടിഫിക്കറ്റിനായുള്ള വിജയ് ചിത്രം ‘ജനനായകന്റെ’ പോരാട്ടം സുപ്രീംകോടതിയിലേക്ക് നീളുകയാണ്. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയ്ക്കെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗീൾ ബെഞ്ച് വിധി, ഇന്നലെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. കേസ് 21 ന് പരിഗണിയ്ക്കാനായി മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.

അപ്പീൽ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം ഒൻപതിന് റിലീസ് ചെയ്യേണ്ട ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് തയ്യാറായിരുന്നില്ല. മാത്രമല്ല, ചിത്രം ഒൻപതംഗ റിവൈസിങ് കമ്മിറ്റിയ്ക്ക് വിടുകയും ചെയ്തിരുന്നു. ഇതോടെയാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സന്പാദിച്ചത്. എന്നാൽ, മറുപടി നൽകാൻ സമയം അനുവദിച്ചില്ലെന്ന സെൻസർ ബോർഡിന്റെ വാദം അംഗീകരിച്ച്, സിംഗിൾ ബെഞ്ച് വിധി, ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button