Tamil Cinema

വിജയ് സേതുപതി, ഒപ്പം നിത്യ മേനനും; ‘തലൈവൻ തലൈവി’ റിലീസ് ഡേറ്റ് പുറത്ത്

പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. മികച്ച അഭിപ്രായങ്ങൾ നേടുന്നതിനോടൊപ്പം ഈ സിനിമകളൊക്കെയും ബോക്സ് ഓഫീസിലും വലിയ വിജയങ്ങളാണ്. വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ എത്തുന്ന തലൈവൻ തലൈവി ആണ് ഇനി പുറത്തിറങ്ങാനുള്ള പാണ്ഡിരാജ് ചിത്രം. സിനിമയുടെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന കോമഡിയും റൊമാൻസും നിറഞ്ഞ എന്റർടെയ്നർ സിനിമയാകും തലൈവൻ തലൈവി എന്ന സൂചനയാണ് റിലീസ് ടീസർ നൽകുന്നത്. ചിത്രം ജൂലൈ 25 ന് പുറത്തിറങ്ങും. യോഗി ബാബു സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ്‌ സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവൻ തലൈവി. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർ എഡിറ്റർ പ്രദീപ് ഇ രാഗവ് എന്നിവരാണ്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ജി. ശരവണനും സായ് സിദ്ധാർത്ഥും ആണ് സിനിമയുടെ കോ പ്രൊഡ്യൂസർ. സൂര്യയെ നായകനാക്കി പുറത്തിറങ്ങിയ ‘എതർക്കും തുനിന്തവൻ’ എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്. അറുമുഗകുമാർ സംവിധാനം ചെയ്ത ‘എയ്‌സ്‌’ ആണ് അവസാനമായി പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം. അതേസമയം, ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ ആണ് നിത്യ മേനന്റെ ഇനി റിലീസിനൊരുങ്ങുന്ന സിനിമ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button