Tamil Cinema

വിജയ്‌യുടെ ജനനായകൻ ആ ചിത്രത്തിൻ്റെ കോപ്പിയടി; അവസാന സിനിമയിൽ ഇത് വേണമായിരുന്നോ? ആരാധകർ നിരാശയിലോ !

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രം ജനനായകനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും വിജയ് സിനിമയ്ക്ക് വലിയ ഓളമാണ് ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ജനനായകൻ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. ലക്ഷകണക്കിന് കാഴ്ചക്കാരെ ട്രെയ്ലർ സ്വന്തമാക്കിയെങ്കിലും വിജയ് ആരാധകർ ഒട്ടും ഹാപ്പി അല്ല. ട്രെയിലറിന് പിന്നാലെ വിമർശനങ്ങൾ കുന്നുകൂടുകയാണ്. വിമർശനങ്ങൾക്ക് പ്രധാന കാരണം തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനായകൻ എന്നതാണ്. നേരത്തെ തന്നെ ഈ അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംവിധായകൻ ഇക്കാര്യത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. ‘റീമേക്ക് ആണോ, പകുതി റീമേക്കാണോ, എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, ഇതൊരു ദളപതി ചിത്രമാണ്’ എന്നാണ് എച്ച് വിനോദ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ അന്നും സിനിമ റീമേക്ക് അല്ല എന്ന് സംവിധായകൻ പറഞ്ഞിരുന്നില്ല.

ട്രെയ്‌ലർ പുറത്ത് വന്നപ്പോൾ ആകട്ടെ ഭഗവന്ത് കേസരി എന്ന സിനിമയിൽ സമാനമായി നിരവധി രംഗങ്ങളാണ് ഉള്ളത്. ഇതോടെ സിനിമ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. സിനിമയിലെ മമിതയുടെ കയറക്ടർ ഭഗവന്ത് കേസരിയിൽ ശ്രീലീല അവതരിപ്പിച്ച കഥാപാത്രവുമായി നല്ല സാമ്യം പുലർത്തുന്നുണ്ട്. ട്രെയിലറിലെ സീനുകളും ഭഗവന്ത് കേസരിയിലെ ഷോർട്ടുകളും തമ്മിൽ താരതമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ്. റഫറൻസുകളിൽ വലിയ ഭാഗം ഭഗവന്ത് കേസരിയിൽ നിന്നും എടുത്തതാണ് എന്ന് വ്യക്തമാകുന്നതാണ് ട്രെയ്‌ലർ എന്നാണ് ആരാധകർ പറയുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെ സൂചിപ്പിക്കുന്ന ഒരു ഉപകഥ കൂടി ഭഗവന്ത് കേസരിയുടെ കഥയോട് ചേർത്തിരിക്കുന്നു എന്നതും അവസാനം കാണിക്കുന്ന റോബോട്ടിനെ കൂടെ ഒഴിച്ചാൽ ബാക്കി കഥയെല്ലാം ഭഗവന്ത് കേസരി ആണെന്നാണ് ആക്ഷേപം. വിജയ് സിനിമയിൽ നിന്ന് വിരമിക്കുന്ന ഘട്ടത്തിൽ അവസാന ചിത്രം റീമേക്ക് ആക്കണമായിരുന്നുവോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

ജനുവരി 9ന് പൊങ്കൽ റിലീസായാണ് ജനനായകൻ തിയേറ്ററുകളിലെത്തുന്നത്. ജനനായകന്റെ പോസ്റ്ററുകളും പാട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചില പോസ്റ്ററുകൾ ശ്രദ്ധ നേടിയെങ്കിലും പാട്ടുകൾ വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നാണ് വിലയിരുത്തലുകൾ. സിനിമ പുറത്തിറങ്ങുന്നതോടെ ഇവയെല്ലാം വീണ്ടും ട്രെൻഡാകുമെന്നാണ് വിജയ് ആരാധകരുടെ പക്ഷം. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button