നടനും നിർമ്മാതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിലേക്ക്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇൻപനിധിയുടെ അരങ്ങേറ്റം. നാടകാഭിനയ ശില്പശാലകളിൽ ഇൻപനിധി പങ്കെടുക്കുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഡിഎംകെയുടെ സമ്മേളനങ്ങളിലും സർക്കാരിന്റെ പ്രധാന പരിപാടികളിലും ഇപ്പോൾ ഇൻപനിധി സജീവമായി പങ്കെടുക്കുന്നുണ്ട്.
അടുത്തിടെ റെഡ് ജയന്റ് മൂവീസ് കമ്പനിയുടെ സിഇഒയായി 21 കാരനായ ഇൻപനിധി ചുമതലയേറ്റിരുന്നു. ഉദയനിധി സ്റ്റാലിൻ 2008-ൽ ആരംഭിച്ച നിർമ്മാണ–വിതരണ കമ്പനിയാണിത്. കലൈഞ്ജർ ടിവി മാനേജ്മെന്റിലും ഇൻപനിധി അംഗമാണ്. അതിനിടെ റെഡ് ജയന്റ് നിർമ്മാതാക്കളെയും നടന്മാരെയും ഭീഷണിപ്പെടുത്തി സിനിമകൾ ഏറ്റെടുക്കുന്നതായി എടപ്പാടി പളനിസാമിയും കെ അണ്ണാമലൈയും ആരോപിച്ചിരുന്നു.




