കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. മൂന്ന് ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ആഗോളതലത്തിൽ ലഭിച്ച കളക്ഷൻ 60 കോടിരൂപ ആണെന്നാണ് റിപ്പോർട്ടുകൾ.
തമിഴ് നാട്ടിൽ നിന്ന് ചിത്രം 25.5 കോടി കോടിയാണ് നേടിയതെങ്കിൽ തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 3 കോടിയും കേരളം ഹിന്ദി സംസ്ഥാനങ്ങളിൽ നിന്നായി 2 കോടി രൂപവെച്ചുമാണ് സിനിമയുടെ കളക്ഷൻ. വിദേശത്ത് നിന്ന് 27.5 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ആഗോളതലത്തിൽ രണ്ട് ദിവസം കൊണ്ട് തഗ് ലൈഫ് 52 കോടി നേടിയിരുന്നു.
ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും നിരാശരാക്കിയെന്നുമാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ച അഭിപ്രായങ്ങൾ തെളിയിക്കുന്നത്. മണിരത്നത്തിൽ നിന്നും ഇങ്ങനെയൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പറയുന്നവരുണ്ട്. എആർ റഹ്‌മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.