കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് ഇന്നലെയാണ് തിയേറ്ററിലെത്തിയത്. കമലും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈപ്പ്. എന്നാൽ ഈ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ദിനത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ പുറത്തുവന്നിരിക്കുകയാണ്. 17 കോടിയാണ് ചിത്രത്തിന്‍റെ ഇനിഷ്യൽ കലക്ഷൻ. ചിത്രത്തിന്‍റെ തമിഴ് ഷോകൾ ₹15.4 കോടി നേടിയപ്പോൾ, തെലുങ്ക് ഷോകൾ ₹1.5 കോടിയും ഹിന്ദി ഷോകൾ ₹0.1 കോടിയും മാത്രമാണ് നേടിയതെന്ന് ഫിലിം ട്രേഡ് പോർട്ടലായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.
ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഷങ്കര്‍ ചിത്രം ഇന്ത്യൻ2 വിന്‍റെ പകുതി പോലുമില്ല തഗ് ലൈഫിന്‍റെ ഓപ്പണിങ് കലക്ഷനെന്നാണ് റിപ്പോര്‍ട്ട്. കമല്‍ ഹാസന്‍-ഷങ്കര്‍ കോമ്പോയില്‍ എത്തിയ ഇന്ത്യന്‍ 2 , ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യ ദിനം 25 കോടി രൂപയാണ് നേടിയത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘വിക്രം’ 32 കോടി രൂപയായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ഓപ്പണിങ് ദിനത്തില്‍ നേടിയത്. ഈ സിനിമകളുടെ കളക്ഷന്‍ വെച്ച് നോക്കുമ്പോള്‍ തഗ് ലൈഫ് ഏറെ പിന്നിലാണ്. ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും നിരാശരാക്കിയെന്നുമാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ച അഭിപ്രായങ്ങൾ തെളിയിക്കുന്നത്. മണിരത്നത്തിൽ നിന്നും ഇങ്ങനെയൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പറയുന്നവരുണ്ട്. എആർ റഹ്‌മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്.
അതേസമയം, പ്രകടനങ്ങളിൽ സിലമ്പരശൻ മികച്ചുനിൽക്കുന്നെന്നും കമൽ ഹാസൻ രണ്ടാം പകുതിയിലെ ചില ഭാഗങ്ങളിൽ താഴേക്ക് പോകുന്നെന്നും പ്രേക്ഷകർ പറയുന്നു. തൃഷയുടെ കഥാപാത്രത്തിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. സിനിമയുടെ വിഷ്വലുകൾ ഗംഭീരമാണെന്നും അഭിപ്രായമുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ കട്ട് ചെയ്തതിലും പ്രേക്ഷകർ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.