പുതിയ മുഖങ്ങളും, കഥയും, കഥ പശ്ചാത്തലവുമായി പണി 2 വരുന്നു.നടൻ ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണിയുടെ രണ്ടാം ഭാഗമായാണ് പണി 2 എത്തുന്നത്.റിവഞ്ച് ആക്ഷൻ ത്രില്ലർ പണിയുടെ വലിയ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ നടനും സംവിധായകനുമായ ജോജു ജോർജ് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തത്.ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തുമെന്നാണ് പ്രതീക്ഷയെന്ന് ജോജു വ്യക്തമാക്കി. അതിനൊപ്പം, ആദ്യ ഭാഗത്തോട് ഇതിന് നേരിട്ടൊരു ബന്ധമില്ലെന്നും അറിയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്, ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയതായും, പുതിയ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാർ ആയിരിക്കും പ്രവർത്തിക്കുന്നത് എന്നും താരം അറിയിച്ചു.പണി രണ്ടാം ഭാഗം കൊണ്ടും അവസാനിക്കുന്നില്ലെന്നും,പണി ജോണറിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നതായും അതിൽ മൂന്നാമത്തേതായ പണി 3 ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കും എന്നാണ് ജോജു തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്.