അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി സഹോദരി ശ്വേത സിംഗ് കൃതി. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു കുറിപ്പ് പങ്കുവെച്ചത്. എന്ത് സംഭവിച്ചാലും ഹൃദയം നഷ്ടപ്പെടരുത്. 2020 ജൂൺ 14-ന് ഭായുടെ മരണശേഷം ഒരുപാട് കാര്യങ്ങൾ സംഭവിച്ചു.
നമ്മൾ ദൈവത്തിലോ നന്മയിലോ വിശ്വാസം കൈവിടരുത്. നമ്മുടെ സുശാന്ത് എന്തിനു വേണ്ടി നിലകൊണ്ടെന്ന് എപ്പോഴും ഓർക്കുക… വിശുദ്ധി, ജീവിതത്തിനും പഠനത്തിനുമുള്ള അചഞ്ചലമായ തീക്ഷ്ണത, എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതിലും ദാനധർമ്മങ്ങൾ ചെയ്യുന്നതിലും വിശ്വസിച്ചിരുന്ന സ്നേഹം നിറഞ്ഞ ഹൃദയമായിരുന്നു സുശാന്തിന്റേത്.
ഒരു കുട്ടിയുടെ നിഷ്കളങ്കത എങ്ങിനെയാണോ അത് പോലെയായിരുന്നു സുശാന്തിന്റെ പുഞ്ചിരിയും കണ്ണുകളും. അദ്ദേഹം എവിടെയും പോയിട്ടില്ലെന്നും നമ്മളിൽ തന്നെ ഉണ്ടെന്നും ശ്വേത കുറിപ്പിൽ പങ്കുവെക്കുന്നു. അടുത്തിടെ അവസാനിച്ച സിബിഐ കേസിനെക്കുറിച്ചും അവർ പരാമർശിച്ചു.
ഭായ് എവിടെയും പോയിട്ടില്ല എന്നെ വിശ്വസിക്കൂ… അവൻ നിങ്ങളിൽ, എന്നിൽ, നമ്മളിൽ എല്ലാവരിലും ഉണ്ട്. നമ്മൾ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുമ്പോഴെല്ലാം, ജീവിതത്തോട് നിഷ്കളങ്കതയുള്ള ഒരു കുട്ടിയുണ്ടാകുമ്പോഴെല്ലാം, അവനെ നമ്മൾ ജീവസുറ്റതാകുകയാണ് ചെയ്യുന്നത്. ഒരു നെഗറ്റീവ് വികാരവും പ്രചരിപ്പിക്കാൻ ഒരിക്കലും ഭായിയുടെ പേര് ഉപയോഗിക്കരുത്… അയാൾക്ക് അത് ഇഷ്ടപ്പെടില്ല ശ്വേത സിംഗ് പറഞ്ഞു.
മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ചനിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് ഇൻഡസ്ട്രിയിൽ ഒരു സ്ഥാനം ഉറപ്പിച്ചിരുന്നു സുശാന്ത്. അതിനിടെയാണ് നടന്റെ മരണവാർത്ത സിനിമാലോകത്തെ ഞെട്ടിച്ചത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിക്കെതിരെ ചില ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും നടന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും സുശാന്തിന്റെ സുഹൃത്തായിരുന്ന നടി റിയ ചക്രവർത്തിക്ക് മരണത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും സിബിഐ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.