കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ചിത്രം റെട്രോയിൽ ഒരു പാട്ടും, ഫൈറ്റും അടങ്ങിയ 15 മിനുട്ട് ദൈർഘ്യമുള്ള ഒരു സീൻ എടുത്തിരിക്കുന്നത് സിംഗിൾ ടേക്കിലെന്ന് നായിക പൂജ ഹെഗ്‌ഡെ. കാർത്തിക്ക് സുബ്ബരാജിന്റെ മിക്ക ചിത്രങ്ങളിലും ഏറെ നേരം നീണ്ടു നിൽക്കുന്ന സിംഗിൾ ടേക്ക് സീനുകൾ ഉൾപ്പെടുത്തുന്നത് പതിവാണ്.
“3 ദിവസങ്ങളോളം പ്രാക്ടീസ് ചെയ്തിട്ടാണ് ആ സീൻ എടുക്കാൻ തയാറായത്. 2 ദിവസങ്ങളോളം ആ സീൻ പലവട്ടം എടുത്തു, എന്നിട്ട് അഞ്ചാമത്തെ തവണയാണ് ടേക്ക് ഓക്കെ ആയത്. ടിവി 5 ന്യൂസ് സിന് നൽകിയ പ്രത്യേക പ്രമോഷണൽ ഇന്റർവ്യൂവിൽ പൂജ ഹെഗ്‌ഡെ പറഞ്ഞു. ചിത്രം മെയ് ഒന്നിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചിയാൻ വിക്രത്തെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് മുൻപ് സംവിധാനം ചെയ്ത ‘മഹാൻ’ എന്ന ചിത്രത്തിലെ 3 മിനുട്ട് നീണ്ടു നിന്ന സംഘട്ടന രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കട്ട് ചെയ്യാതെ നീണ്ടു നിൽക്കുകയോ, ഇടയിൽ വരുന്ന കട്ടുകൾ വിദഗ്ധമായി മായ്ച്ച് ഒട്ടിച്ചു ചേർക്കുകയോ ചെയ്യുന്ന ഇത്തരം സീനുകളെ ‘വണ്ണർ’ എന്നാണ് വിളിക്കാറുള്ളത്.
ക്യുന്റിൻ ടരന്റീനോ, മാർട്ടിൻ സ്‌കോഴ്‌സിസി തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ വണ്ണറുകൾ സാധാരണയായി ഉപയോഗിച്ച് വരുന്നുണ്ട്. ക്യുന്റിൻ ടരന്റീനോയുടെ ഫിലിം മേക്കിങ് ശൈലിയുടെ വ്യക്തമായ സ്വാധീനം കാർത്തിക്ക് സുബ്ബരാജ് സിനിമകൾക്കുണ്ട് എന്നത് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ളതാണ്.