MalayalamNews

ചിന്താമണി കൊലക്കേസിന് ശേഷം വീണ്ടും വക്കീൽ വേഷത്തിൽ; സുരേഷ് ഗോപിയുടെ ‘ജെ എസ് കെ’ ജൂൺ 27ന്

പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. ചിത്രത്തിന്റെതായി നേരത്തെ തന്നെ പുറത്ത് ഇറങ്ങിയിരുന്ന മോഷൻ പോസ്റ്ററും ടീസറും പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയിരുന്നു.

സുരേഷ് ഗോപിയുടെ ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നായിരിക്കും ചിത്രമെന്നുമൊക്കെയാണ് ടീസർ കണ്ട പ്രേക്ഷകർ പറയുന്നത്. അതോടൊപ്പം ചിന്താമണി കൊലക്കേസ് എന്ന സിനിമയുമായാണ് പ്രേക്ഷകർ ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയെ താരതമ്യം ചെയ്യുന്നത്. ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നുവെന്നും അഭിപ്രായമുണ്ട്.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഒടുവിൽ വക്കീൽ വേഷം അണിഞ്ഞത്. ക്രിമിനലുകളായ കക്ഷികളെ സംരക്ഷിക്കുകയും അവരെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും തുടർന്ന് അതേ പ്രതികളെ തന്നെ കൊലപ്പെടുത്തി നീതി സ്വയം നടപ്പാക്കുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരടിയാർ എന്ന സൈക്കോട്ടിക് വിജിലൻ്റ് അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരുന്നത്. ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ചിത്രത്തിലൂടെ സുരേഷ് ഗോപി തന്റെ പെർഫോമൻസിലും മികച്ച അഭിപ്രായം നേടിയിരുന്നു. ചിന്താമണി കൊലക്കേസ് കഴിഞ്ഞു വീണ്ടും 19 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ്ഗോപി വീണ്ടുമൊരു വക്കീൽ വേഷം ചെയ്യുന്നതെന്നതാണ് ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രധാന ആകർഷണം.

നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്കുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരൻ പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ പ്രശസ്തയായി മാറിയിരുന്നു. പ്രേമത്തിന് ശേഷം ഏതാനും മലയാള ചിത്രങ്ങൾ ചെയ്തെങ്കിലും ഒരു വലിയ ഇടവേളക്ക് ശേഷമാണ് അതിശക്തമായ ഒരു കഥാപാത്രവുമായി ജെഎസ്കെയിലൂടെ താരം തിരിച്ചെത്തുന്നത്. അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്‍ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്‍സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്‍ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button