ലോക സിനിമ പ്രേക്ഷകരെ ആവേശത്തിലാക്കി സൂപ്പർമാൻ തിയറ്ററുകളിലെത്തി. ജയിംസ് ഗണ്ണിന്റെ സംവിധാനത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഡേവിഡ് കോറെൻസ്വെറ്റ് ആണ് സൂപ്പർമാന്റെ വേഷത്തിലെത്തുന്നത്. സൂപ്പർമാന്റെ വേഷം കൈകാര്യം ചെയ്യുന്ന പത്താമത്തെ നടനാണ് ഡേവിഡ് കോറൻസ്വെറ്റ്. ഇതിനുമുൻപ് സൂപ്പർമാനായി സ്‌ക്രീനിലെത്തിയത് ഹെൻറി കാവിൽ ആയിരുന്നു.
സാക്ക് നൈഡറിന്റെ സംവിധാനത്തിൽ വളരെ ഡാർക്ക് ആയ സ്വഭാവത്തിലെത്തിയ ഹെൻറി കാവിൽ ചിത്രങ്ങളിൽ നിന്ന് വിഭിന്നമായി പഴയ സൂപ്പർമാൻ ആനിമേറ്റഡ് സീരീസും ഒട്ടനവധി ജനപ്രിയ കോമിക്ക് ബുക്കുകളുമായി ചേർന്ന് നിൽക്കുന്ന രീതിയിലാണ് പുതിയ ചിത്രത്തിൽ സൂപ്പർമാനെ അവതരിപ്പിച്ചിരിക്കുന്നത്. മിഷൻ ഇമ്പോസ്സിബിൾ, F1 ദി മൂവി, സിന്നേഴ്സ്, തുടങ്ങിയ ചിത്രങ്ങൾ വൻ വിജയം ആയെങ്കിലും താരതമ്യേന നഷ്ട്ടത്തിലോടുന്ന ഹോളിവുഡിന് ഹോളിവുഡ് ബോക്സോഫീസിന് സൂപ്പർമാൻ ഉണർവേകും എന്ന് തന്നെയാണ് ആദ്യ ദിനത്തിൽ ലഭിക്കുന്ന പ്രതികരണത്തിൽ നിന്ന് മനസിലാവുന്നത്.
225 മില്ല്യൺ ഡോളർ മുതൽ മുടക്കിലൊരുക്കുന്ന ചിത്രത്തിൽ ഡേവിഡ് കോറൻസ്വീറ്റിനൊപ്പം റേച്ചൽ ബ്രോസ്നഹൻ, നിക്കോളാസ് ഹോൾട്ട്, നഥാൻ ഫില്ല്യൻ, ഇസബെല്ലാ മേഴ്‌സ്ഡ്, മില്ലി അൽകോക്ക് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. പുതിയ ഡിസി യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ സൂപ്പർമാന് പിന്നാലെ സൂപ്പർ ഗേൾ, ക്ലേഫേസ് തുടങ്ങിയ ചിത്രങ്ങളും അടുത്ത വർഷം തിയറ്ററുകളിലെത്തും.