തെലുങ്ക് താരം വിഷ്ണു മഞ്ചുവിനൊപ്പം പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ തുടങ്ങിയ വൻതാരനിര ഭാഗമാകുന്ന ചിത്രമാണ് ‘കണ്ണപ്പ’. സിനിമയുടെ സുപ്രധാന സീനുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് മോഷണം പോയ വാർത്ത വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. സംഭവത്തിൽ നായകനായ വിഷ്ണു മഞ്ചുവിന്റെ ഓഫീസ് ജീവനക്കാരനായ രഘു, ചരിത എന്ന യുവതി എന്നിവർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വലിയ തോതിൽ ട്രോളുകളാണ് വരുന്നത്. ഈ സിനിമയുടെ ഹാർഡ് ഡിസ്ക് കാണാതായതിന് പിന്നില്‍ മോഹൻലാൽ ആരാധകരും പ്രഭാസ് ആരാധകരുമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും ട്രോൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകൾ വരുന്നുണ്ട്.സിനിമയിലെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തിറങ്ങിയത് മുതൽ ഇരുവരുടെയും ലുക്കുകളിൽ പല ആരാധകരും അസംതൃപ്തി അറിയിച്ചിട്ടുണ്ട്.
കണ്ണപ്പയുടെ ടീസർ ഇറങ്ങിയതിന് പിന്നാലെ അതിലെ വിഎഫ്എക്സ് ഉൾപ്പടെയുള്ള കാര്യങ്ങളും ഏറെ വിമർശിക്കപ്പെട്ടിരുന്നു. എമ്പുരാൻ, തുടരും എന്നിങ്ങനെ രണ്ട് സൂപ്പർഹിറ്റുകളിലൂടെ മലയാള സിനിമയിൽ മോഹൻലാൽ ആഘോഷിക്കപ്പെടുകയാണ് ഇപ്പോൾ. എന്നാൽ കണ്ണപ്പ എന്ന സിനിമയിലെ ‘കിരാത’ എന്ന നടന്റെ കഥാപാത്രം വിമർശനങ്ങൾക്ക് പാത്രമാകുമോ എന്ന് പല ആരാധകരും ആശങ്ക പങ്കുവെക്കാറുമുണ്ട്.ദി രാജാസാബ്, സ്പിരിറ്റ് എന്നിങ്ങനെ വമ്പൻ ലൈനപ്പുകളാണ് പ്രഭാസിന്റേതായും നിലവിലുള്ളത്. കണ്ണപ്പയിലെ കഥാപാത്രം പ്രഭാസിന് യാതൊരു ഗുണവും ചെയ്യില്ല എന്നാണ് ആരാധകർ പറയുന്നതും. എന്നാൽ റിലീസ് ചെയ്യാത്ത ഒരു സിനിമയെ ഇത്തരത്തിൽ ട്രോൾ ചെയ്യേണ്ട ആവശ്യമില്ലെന്ന വാദവും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
അതേസമയം പ്രഭാസ് ഉൾപ്പെടുന്ന സുപ്രധാന രംഗങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്ക്കാണ് മോഷണം പോയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മുംബൈയിൽ നിന്ന് സിനിമയുടെ വിഎഫ്എക്സ് അടങ്ങിയ ഹാർഡ് ഡ്രൈവ് ഫിലിം നഗറിലെ ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയർ വഴി അയച്ചിരുന്നു. ഈ ഹാർഡ് ഡ്രൈവ് ഓഫീസ് ബോയ് ആ രഘു കൈ പറ്റിയതായും പിന്നീട് ചരിത എന്ന യുവതിക്ക് കൈമാറിയതായുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സിനിമയുടെ നിർമാതാവ് ഫിലിം നഗർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്. മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല. നേരത്തെ സിനിമയിലെ പ്രഭാസിന്റെ ലുക്കും ഔദ്യോഗികമായി പുറത്തു വിടുന്നതിന് മുന്നേ ചോർന്നിരുന്നു. ഇതും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവരാണ് ചോർത്തിയതെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.