തന്റെ മരണപ്പെട്ട അച്ഛനൊപ്പമുള്ള ജെമിനി AI ചിത്രം പങ്കുവെച്ച് ട്രെൻഡിനൊപ്പം ചേർന്ന് തമിഴ് താരം ശിവകാർത്തികേയൻ. പോലീസ് യൂണിഫോമിൽ നിൽക്കുന്ന അച്ഛനെ താൻ കെട്ടിപ്പുണർന്ന് നിൽക്കുന്ന ചിത്രം പങ്കുവെച്ച താരം ഒപ്പം വികാരനിര്‍ഭരമായൊരു ക്യാപ്ഷനും ഒപ്പം ചേർത്തിരുന്നു.
“എന്റെ സ്വപ്ന ലോകത്തിൽ” എന്നാണ് ചിത്രത്തിനൊപ്പം താരം നൽകിയ ക്യാപ്ഷൻ. ശിവകാർത്തികേയന്റെ പിതാവ് ജി. ദോസ് തിരുച്ചിയിൽ ജയിൽ സുപ്രണ്ടൻഡൻഡ് ആയി സേവനമനുഷ്ഠിക്കുമ്പോഴാണ് മരണമടയുന്നത്. അച്ഛന്റെ വേർപാട് അന്ന് 17 കാരനായ തന്നെ കടുത്ത ഡിപ്രഷനിലേയ്ക്ക് തള്ളി വിട്ടിരുന്നു എന്ന് താരം പലപ്പോഴും പറയാറുണ്ട്.
പഠനത്തിന് ശേഷം മിമിക്രി, ഡാൻസ് എന്നിവയിൽ പ്രാഗൽഭ്യം നേടിയ ശിവകാർത്തികേയൻ ചാനൽ റിയാലിറ്റി ഷോയിൽ മത്സരാർഥിയായും അവതാരകനായും ശ്രദ്ധ നേടിയ ശേഷമാണു സിനിമയിലേക്ക് കടക്കുന്നതും, പിന്നീട് തമിഴ് സിനിമയിലെ വിലയേറിയ താരമായി വളരുന്നതും. അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനത്തിന് പുരസ്ക്കാരം എട്ട് വാങ്ങുമ്പോൾ പല വേദികളിലും താരത്തിന്റെ കണ്ണുകൾ അച്ഛനെ സ്മരിച്ചു കൊണ്ട് ഈറനണിഞ്ഞിട്ടുണ്ട്.
കൂടാതെ കേഡി ബില്ല, കില്ലാഡി രംഗ, ഡോൺ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പിതാവ് മരണമടയുമ്പോൾ പൊട്ടിക്കരയുന്ന രംഗങ്ങളിൽ തന്റെ ആത്മാംശമുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂരരെയ് പൊട്രിന് ശേഷം സുധ കോങ്കാര സംവിധാനം ചെയ്യുന്ന പരാശക്തിയാണ് ശിവകർത്തികേയന്റേതായി അടുത്തതായി തിയറ്ററുകളിലെത്തുന്ന ചിത്രം.