വെട്രിമാരന്റെ സംവിധാനത്തിൽ ധനുഷ് നായകനായി 2018 ൽ പുറത്തിറങ്ങിയ വടചെന്നൈ എന്ന ചിത്രത്തിന്റെ യൂണിവേഴ്‌സിലുള്ള പുതിയ ചിത്രത്തിൽ ചിമ്പു നായകനാകും. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാണത്തിന് ആദ്യ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ധനുഷ് NOC സർട്ടിഫിക്കേറ്റ് നൽകി എന്നാണ് റിപ്പോർട്ടുകൾ. ധനുഷ് നിർമ്മിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ഫുട്ടേജുകൾ നെറ്ഫ്ലിക്സ് ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചു എന്ന പേരിൽ നടൻ നയൻതാരയ്‌ക്കെതിരെ നിയമ നടപടിയെടുത്തത് വൻ വാർത്തയായിരുന്നു. അപ്പോഴാണ് വർഷങ്ങളായി പരസ്പര വൈരികൾ എന്ന് അറിയപ്പെടുന്ന ധനുഷും ചിമ്പുവും മത്സരബുദ്ധിയില്ലാതെ സഹകരിച്ചു പോകുന്നുവെന്ന വാർത്ത ആരാധകരിലെത്തുന്നത്.
നിലവിൽ വടചെന്നൈയുടെ മേലുള്ള എല്ലാ വിധ അവകാശങ്ങളും ധനുഷിന്റെ പേരിലായതിനാൽ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ ആവിഷ്ക്കാരങ്ങൾക്കും മേൽ ധനുഷിന് അധികാരമുണ്ട്, എങ്കിലും വടചെന്നൈയുടെ എല്ലാ വിധത്തിലുമുള്ള സർഗാത്മക സ്വാതന്ത്ര്യത്തിനും ധനുഷ് സമ്മതം മൂളി എന്ന് വെട്രിമാരൻ പറയുന്നു.വടചെന്നൈയുടെ രണ്ടാം ഭാഗമായ ‘അൻബുവിൻ എഴിച്ചി’ക്കായി ഏറെ നാളായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ വെട്രിമാരൻ സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന വാടിവാസലിന് ശേഷമാവും ചിത്രത്തിന്റെ വർക്കുകൾ തുടങ്ങുക എന്ന് സംവിധായകൻ അറിയിച്ചിരുന്നു. എന്നാൽ വാടിവാസൽ വീണ്ടും മാറ്റിവെച്ച് വടചെന്നൈയുടെ സ്‌പിൻനോഫ് ചിത്രം വെട്രിമാരൻ പ്രഖ്യാപിച്ചത് ആരാധകർക്ക് ഒരു സർപ്രൈസ് ആയിരുന്നു.