തീക്ഷ്ണമായ കണ്ണുകളും നിശ്ചയദാർഢ്യത്തോടെയുള്ള മുഖഭാവവുമായി നന്ദിത ബോസായി എത്തിയിരിക്കുകയാണ് ശ്വേത മേനോൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവരുകയാണ്. സെപ്റ്റംബർ 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിനിമയിലെ മനോജ് കെ. ജയന്‍റേയും കലാഭവൻ ഷാജോണിന്‍റേയും ബാബുരാജിന്‍റേയുമൊക്കെ ക്യാരക്ടർ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്. വിനീത് തന്‍റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായി എത്തുന്നതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയിലുമാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ‘ഫേസസ് ഓഫ് കരം’ എന്ന ടാഗ് ലൈനിലാണ് സിനിമയിലെ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിനിമയിലേതായി ഇറങ്ങിയ പാട്ടുകളും ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്.
‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്, മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.
വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ (കൊച്ചി) നടക്കുകയുണ്ടായത്. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ, മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ചും സിനിമയിൽ ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായി എത്തുന്നുണ്ട്.