Hindi

ചിരിപ്പിക്കുന്ന എക്സ്പ്രഷൻ മോശം ഡയലോഗ് ഡെലിവറി; സൽമാൻ സിനിമയുടെ ടീസറിന് ട്രോൾ

സൽമാൻ ഖാനെ നായകനാക്കി അപൂർവ്വ ലാഖിയ ഒരുക്കുന്ന സിനിമയാണ് ബാറ്റിൽ ഓഫ് ഗാൽവാൻ. 2020 ജൂണിൽ ഗാൽവാൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നടന്റെ പിറന്നാൾ പ്രമാണിച്ച് സിനിമയുടെ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് ടീസറിന് ലഭിക്കുന്നത്. പ്രധാനമായും സൽമാൻ ഖാൻ്റെ ഡയലോഗ് ഡെലിവറിക്കും ടീസറിലെ പ്രകടനത്തിനുമാണ് ട്രോളുകൾ ഉയരുന്നത്. ഇത്രയും നാളായിട്ടും നടന്റെ ഡയലോഗ് ഡെലിവറിയിൽ മാറ്റമൊന്നും ഇല്ലെന്നും അതേ പതിഞ്ഞ താളത്തിലാണ് പറയുന്നതെന്നും വിമർശനങ്ങൾ ഉണ്ട്.

മഞ്ഞുമൂടിയ മലനിരകളും ഒഴുകുന്ന നദിയും ഉൾപ്പെടുന്ന താഴ്‌വരയുടെ ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന്, ആയിരക്കണക്ക് എതിരാളികളെ മരക്കഷ്ണങ്ങളും കല്ലുകളുമായി നേരിടാൻ ഒരുങ്ങി നിൽക്കുന്ന സൈന്യത്തെയും ടീസറിൽ കാണാം. അതിനൊപ്പം ചിത്രത്തിലെ മറ്റു അഭിനേതാക്കൾക്കും ട്രോളുകൾ ലഭിക്കുന്നുണ്ട്. ടീസറിൽ സൽമാന്റെ പിന്നിലായി നിൽക്കുന്ന നടന്മാരുടെ എക്സ്പ്രഷനുകളാണ് ചിരി പടർത്തുന്നത്. അതേസമയം, ടീസറിലെ ഓഫ് ഷോട്ട് ഗെയിം ഓഫ് ത്രോൺസിലെ ബാറ്റിൽ ഓഫ് ബാസ്റ്റേർഡ്‌സിലെ ഷോട്ടിനോട് സാമ്യം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. 2026 ഏപ്രിൽ 17 നാണ് സിനിമ പുറത്തിറങ്ങുന്നത്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമ ഖാൻ ആണ് സിനിമ നിർമിക്കുന്നത്.

ചിത്രാംഗദ സിംഗ്, സെയ്ൻ ഷാ, അങ്കുർ ഭാട്ടിയ, ഹർഷിൽ ഷാ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കേണൽ ബി സന്തോഷ് ബാബു എന്ന കഥാപാത്രത്തെയാണ് സൽമാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല, സഞ്ജീർ, ഹസീന പാർക്കർ തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകൻ ആണ് അപൂർവ്വ ലാഖിയ. ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലാണ് ചിത്രീകരണം നടക്കുന്നത് അതിനാൽ തന്നെ ശാരീരികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമാണ് സൽമാൻ ഖാൻ കൈകാര്യം ചെയ്യുന്നത്. കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാ​ഗമായി സൽമാൻ ഖാൻ തീവ്രമായ പരിശീലനത്തിലാണ്.

എ ആർ മുരുഗദോസ് ഒരുക്കിയ സിക്കന്ദർ ആണ് അവസാനമായി തിയേറ്ററിൽ എത്തിയ സൽമാൻ ഖാൻ ചിത്രം. സിക്കന്ദര്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 141.15 കോടി നേടിയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സല്‍മാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ താരനിര സിക്കന്ദറില്‍ അണിനിരന്നിരുന്നു. സാജിദ് നദിയാദ്വാലയുടെ സാജിദ് നദിയാദ്വാല ഗ്രാന്റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button