ഒരു കൊച്ച് ബോളിവുഡ് റൊമാന്റിക് ചിത്രം ഇപ്പോൾ ബോളിവുഡിൽ തരംഗം തീർക്കുകയാണ്. മോഹിത് സൂരി സംവിധാനം ചെയ്ത് അഹാൻ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘സൈയാരാ’ ആണ് ബോക്സ് ഓഫീസിൽ കത്തിക്കയറുന്നത്. റിലീസ് ചെയ്തു മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ അക്ഷയ് കുമാർ സിനിമയെ അടക്കം ഈ റൊമാന്റിക് ചിത്രം മറികടന്നെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം 21 കോടിയാണ് സിനിമയുടെ നെറ്റ് കളക്ഷൻ. രണ്ടാം ദിവസം ഇത് 25.25 കോടി ആയി ഉയർന്നു. മൂന്നാം ദിനമായ ഇന്ന് ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 31 കോടിയോളം നേടുമെന്നാണ് ബോളിവുഡ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ സിനിമയുടെ മൂന്ന് ദിവസത്തെ കളക്ഷൻ 76.25 കോടിയായി എന്നാണ് റിപ്പോർട്ട്.
നാലാം ദിവസമായ തിങ്കളാഴ്ചയും കളക്ഷനിൽ സിനിമയ്ക്ക് വലിയ വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ അക്ഷയ് കുമാർ ചിത്രമായ കേസരി ചാപ്റ്റർ 2 ആദ്യത്തെ മൂന്ന് ദിവസം കൊണ്ട് നേടിയ 29.62 കോടിയെ ‘സൈയാരാ’ മറികടന്നു. നിറഞ്ഞ സദസിലാണ് ചിത്രം എല്ലാ തിയേറ്ററിലും പ്രദർശിപ്പിക്കപ്പെടുന്നത്. കേരളത്തിലും സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രം കണ്ട് തിയേറ്ററിനുള്ളിൽ ആഘോഷിക്കുന്ന പ്രേക്ഷകരുടെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്.
ഓവർസീസ് മാർക്കറ്റിലും സിനിമ വലിയ കുതിപ്പുണ്ടാക്കുന്നുണ്ട്. ആഷിഖി 2 , ഏക് വില്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മോഹിത് സൂരി. അദ്ദേഹത്തിന്റെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ സ്വീകാര്യത നേടുക പതിവാണ്. സൈയാരായിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടുന്നുണ്ട്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് സിനിമ നിർമിക്കുന്നത്. സങ്കല്പ് സദാനഹ്, രോഹൻ ശങ്കർ എന്നിവരാണ് സിനിമയുടെ എഴുത്തുകാർ. വികാസ് ശിവരാമൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.