രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോൾ തിയേറ്ററിൽ മുന്നേറുകയാണ്. റീലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് ചിത്രം നേടുന്നത്. ആഗോളതലത്തിൽ 900 കോടിയ്ക്ക് അടുത്ത് സിനിമ സ്വന്തമാക്കി കഴിഞ്ഞു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ അടുത്ത വർഷം എപ്പോൾ ചിത്രം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 4.30 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം. ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. അതേസമയം, ചിത്രം പ്രൊപ്പഗാണ്ട ആണ് എന്ന് പറയുന്ന യൂട്യൂബർ ധ്രുവ് റാഠിയുടെ വീഡിയോ വൈറലാകുകയാണ്. മികച്ച രീതിയില്‍ ചിത്രീകരിച്ച ഒരു പ്രൊപ്പഗാണ്ട സിനിമയാണ് ധുരന്ദർ എന്നും ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്നും ധ്രുവ് തന്റെ വീഡിയോയിലൂടെ പറഞ്ഞു.
ദി താജ് സ്റ്റോറി, ദി ബംഗാൾ ഫയല്‍സ് പോലുള്ള സിനിമകളേക്കാൾ അപകടകരമായ സിനിമയാണ് ധുരന്ദർ എന്ന് ധ്രുവ് വീഡിയോയിൽ കൂട്ടിച്ചേർത്തു. ധുരന്ദറിലെ കഥപറച്ചിലിനെ അംഗീകരിച്ചെങ്കിലും അതിന്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച നടൻ ഹൃത്വിക് റോഷന്റെ അഭിപ്രായങ്ങളെയും ധ്രുവ് വിമര്‍ശിക്കുന്നുണ്ട്. ‘സിനിമയുടെ രാഷ്ട്രീയത്തോട് താൻ യോജിക്കുന്നില്ലെങ്കിലും കഥപറച്ചിൽ വളരെ മികച്ചതായിരുന്നുവെന്ന് ഹൃത്വിക് റോഷൻ പറഞ്ഞു. അദ്ദേഹം ഉദ്ദേശിക്കുന്നത് പ്രൊപ്പഗാണ്ടയാണെങ്കില്‍ പോലും സിനിമ നന്നായി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നാണ്. പക്ഷേ, ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്ന് ഞാന്‍ പറയും’ ധ്രുവ് റാഠിയുടെ വാക്കുകൾ.




