കുട്ടിക്കാലത്ത് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ മാറ്റി നിർത്തലുകൾ നേരിട്ടുണ്ടെന്ന് പറയുകയാണ് നടിയും ഗായികയുമായ രമ്യ നമ്പീശൻ. പതിനഞ്ചുകാരിയായ രമ്യയോട് ഇപ്പോൾ എന്താകും പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രമ്യ നമ്പീശൻ.’ 15 വയസ്സുകാരിയായ രമ്യയോട് കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്. ചിലപ്പോൾ ഒരു ദിവസം മതിയയെന്ന് വരില്ല. ഞാൻ അന്നങ്ങനെ ജീവിച്ചതു കൊണ്ടാണ് ഇന്ന് കാണുന്ന രമ്യയാകാൻ കഴിഞ്ഞത്. എനിക്കൊരു നല്ല കുടുംബമുണ്ടായിരുന്നു. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഞാനായിട്ട് ഉണ്ടാക്കി വെച്ച പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
പക്ഷെ സമൂഹത്തിൽ നിന്നും ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ ഒരുപാട് മോശം അനുഭവങ്ങളും മാറ്റിനിർത്തലുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. പലർക്കും അത്തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും. പക്ഷെ അതെല്ലാം മറികടക്കാൻ പറ്റി എന്നതാണ് എന്റെ വിജയം,’ രമ്യ പറഞ്ഞു. ഓരോ പടിയായി ലക്ഷ്യത്തിലേക്കെത്തിയ ആളാണ് താനെന്നും എല്ലാ കാര്യങ്ങളും സ്വന്തമായി ആർജിച്ചെടുത്തതാണെന്നും അങ്ങനെയാണ് ഇന്ന് കാണുന്ന രമ്യയിലേക്ക് എത്തിയതെന്നും രമ്യ നമ്പീശൻ പറയുന്നു.ടെലിവിഷനിൽ നിന്നും സിനിമയിലെത്തിയ താരം പിന്നീട് ഗായിക നർത്തകി എന്ന തലത്തിലും ശ്രദ്ധിക്കപ്പെട്ടു. തെന്നിന്ത്യൻ സിനിമാലോകത്ത് നിറസാന്നിധ്യമായ അഭിനയേത്രിയാണ് രമ്യ.