Hindi

ട്രോളുകൾ ഏറ്റു, വിമർശനത്തിന് പിന്നാലെ പേര് മാറ്റി ‘കൂലി’ ഹിന്ദി പതിപ്പ്

കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന കൂലി കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. പാൻ ഇന്ത്യൻ ആയി റിലീസിനൊരുങ്ങുന്ന സിനിമയുടെ ഹിന്ദി പതിപ്പിന്റെ ടൈറ്റിലിനെ ചുറ്റിപറ്റി വലിയ ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇപ്പോഴിതാ അതിനൊരു അവസാനമായിരിക്കുകയാണ്.

‘മജദൂർ’ എന്നായിരുന്നു ആദ്യം സിനിമയുടെ ഹിന്ദി വേർഷന് നൽകിയിരുന്ന പേര്. എന്നാൽ ഇതിന് പിന്നാലെ രജനി ആരാധകരിൽ നിന്നും വ്യാപക ട്രോളുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അണിയറപ്രവർത്തകർ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ടൈറ്റിൽ മാറ്റിയിരിക്കുകയാണ്. ‘കൂലി – ദി പവർഹൗസ്’ എന്നാണ് ഹിന്ദിയിലെ സിനിമയുടെ പുതിയ പേര്. മികച്ച പ്രതികരണമാണ് ഈ പേരിന് ലഭിക്കുന്നത്. നേരത്തെ ‘മജദൂർ’ എന്ന പേരിന് പിന്നാലെ കൂലി എന്നത് ഹിന്ദിയിലും ചേരുന്ന പേരാണല്ലോ പിന്നെ എന്തിനാണ് മറ്റൊരു പേര് എന്നാണ് ആരാധകർ ചോദിച്ചത്. ഈ പേര് മാറ്റം ഹിന്ദി പ്രേക്ഷകർക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുമെന്നും അത് സിനിമയുടെ കളക്ഷനെ സാരമായി ബാധിക്കുമെന്നും കമന്റുകൾ വന്നു. മജദൂർ എന്ന പേര് മാറ്റി കൂലി എന്ന് തന്നെ ഹിന്ദിയിൽ ടൈറ്റിൽ ഇടണമെന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.

ആഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ഏകദേശം 81 കോടി രൂപയ്ക്കാണ് കൂലിയുടെ ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവർസീസ് വിതരണത്തുകയാണ് ഇത്. സിനിമയുടെ തെലുങ്ക് റൈറ്റ്‌സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button