അജയ് ദേവ്ഗൺ നായകനായ പുതിയ ചിത്രമാണ് റെയ്ഡ് 2. മെയ് ഒന്നിന് തിയേറ്ററിലെത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ വലിയ ചലനമാണ് ഉണ്ടാക്കാൻ കഴിയുന്നത്. ഒമ്പത് ദിവസം പിന്നിട്ടപ്പോൾ ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയിലധികം രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. 100.75 കോടി രൂപയാണ് സിനിമ ഒമ്പത് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് നേടിയത്. അജയ് ദേവ്ഗണിന്റെ 15-ാമത്തെ നൂറുകോടി ചിത്രമാണ് റെയ്ഡ് 2. ഈ വർഷം ബോളിവുഡില്‍ നിന്നും 100 കോടി നേട്ടം മറികടക്കുന്ന നാലാമത്തെ ചിത്രമാണ് റെയ്ഡ് 2. ആദ്യദിനം മുതൽ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
ആദ്യദിനത്തിൽ 19.25 കോടിയുടെ നെറ്റ് കളക്ഷൻ. തുടർന്നുള്ള ദിവസങ്ങളിൽ 12 കോടി, 18 കോടി എന്നിങ്ങനെ പോകുന്നു. പ്രവൃത്തി ദിവസങ്ങളിൽ പ്രതീക്ഷിച്ച കളക്ഷൻ കുറഞ്ഞെങ്കിലും രണ്ടാമത്തെ വെള്ളിയാഴ്ച ചിത്രം ഏകദേശം 5 കോടി രൂപ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നേടി. 2018 ൽ പുറത്തിറങ്ങിയ റെയ്ഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തുന്ന റെയ്ഡ് 2 ത്രില്ലർ ഴോണറിൽ ആണ് ഒരുക്കിയിരിക്കുന്നത്. രാജ് കുമാർ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്തത്. റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.